തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച മാര്‍ച്ചില്‍ മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ലാത്തി ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെ തലപൊട്ടി ചോരയൊലിച്ചു. അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഏഴ് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ചോരയൊലിപ്പിച്ച് സെക്രട്ടേറിയറ്റിന്‍റെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകരോടൊപ്പം തുടര്‍ന്ന അബിന്‍ വര്‍ക്കിയെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നേരിട്ടെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മാര്‍ച്ചിനിടെ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്, കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തി. നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.