പത്തനംതിട്ട: ബിജെപി ജില്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനിടെ പത്തനംതിട്ടയിൽ കൈയ്യാങ്കളി. മർദനമേറ്റുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. തെരഞ്ഞെടുപ്പ് ഏകപക്ഷീയമായെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ബിജെപി പത്തനംതിട്ട ജില്ലാ കാര്യാലയമായ മാരാർജി ഭവനിലാണ് ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാവിലെ 10.30 മുതലാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. സമവായത്തിലൂടെ നിലവിലെ പ്രസിഡൻ്റിനെ നിലനിർത്താനാണ് സംസ്ഥാന ഘടകത്തിൽ നിന്നും എത്തിയ നേതാക്കൾ ശ്രമിച്ചത്.
എന്നാൽ താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്ന തിരുവല്ലയിൽ നിന്നുള്ള വിജയകുമാർ മണിപ്പുഴ മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിന്നതോടെ സമവായ നീക്കങ്ങൾ പാളി. ജില്ലാ നേതൃത്വത്തിൻ്റെ ഉറ്റ തോഴനും ജില്ലയുടെ പ്രഭാരിയുമായിരുന്ന കരമന ജയൻ്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിലും ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പാണ് ഉണ്ടായിരുന്നത്. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ടി രമ, സെക്രട്ടറി സിന്ധു മോൾ എന്നിവരും സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതിനിധികളായി ഉണ്ടായിരുന്നു. മണിപ്പുഴ വിജയകുമാർ വിഭാഗം രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം എന്ന അവശ്യത്തിൽ ഉറച്ച് നിന്നതോടെ ഉത്തരകൊറിയയിൽ മാത്രം പരീക്ഷിച്ച് വിജയിച്ച തെരഞ്ഞെടുപ്പ് രീതിയാണ് നേതൃത്വം അവലംബിച്ചത് എന്നാണ് പരാതി.
ഔദ്യോഗിക നേത്യത്വത്തിൻ്റെ സ്ഥാനാർഥിയായ നിലവിലെ ജില്ലാ പ്രസിഡൻ്റിന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത്, നേത്യത്വം ചുമതലപ്പെടുത്തിയ ആളുകളെ ബോധ്യപ്പെടുത്തണമെന്ന് വോട്ടവകാശമുള്ളവർക്ക് കർശന നിർദേശം നൽകി.
ഇതിൽ എതിർ സ്ഥാനാർഥി വിജയകുമാർ മണിപ്പുഴയേയും അദ്ദേഹത്തിനൊപ്പം ഉറച്ച് നിന്ന ഏതാനും ചിലരെയും ഒഴിവാക്കുകയും ചെയ്‌തു. വോട്ട് രേഖപ്പെടുത്തിയ ഫോട്ടോ കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് ബിനോയി കെ മാത്യുവിനെ യുവമോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.