കോഴിക്കോട്: മുക്കം ഉപജില്ല കലോത്സവത്തിന്‍റെ ഓവറോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും തമ്മിൽ ഏറ്റുമുട്ടല്‍. മുക്കത്തിന് സമീപം കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കലോത്സവത്തിലാണ് സംഘർഷം. നീലേശ്വരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളും കലോത്സവത്തിൽ ആതിഥേയരായ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളുമാണ് കലോത്സവത്തിൽ ഏറ്റവും അധികം പോയിന്‍റ് നേടി ഓവറോള്‍ കിരീടത്തിന് അര്‍ഹരായത്.
ഇതോടെ രണ്ട് സ്‌കൂളുകളുമായി ട്രോഫി പങ്കിടാനുള്ള തീരുമാനം വന്നു. എന്നാൽ ഇത്തവണ തങ്ങളാണ് യഥാർഥത്തിൽ ഓവറോൾ കിരീടം നേടിയതെന്ന് പറഞ്ഞ് നീലേശ്വരം സ്‌കൂൾ അധികൃതര്‍ രംഗത്ത് വന്നു. അനധികൃതമായി മത്സരാർഥികളെ തിരുകി കയറ്റിയും വിധിനിർണയത്തിൽ കൃത്രിമം കാട്ടിയുമാണ് പിടിഎം ഹയർ സെക്കൻഡറി സ്‌കൂൾ ട്രോഫിക്ക് അർഹത നേടിയതെന്നാണ് നീലേശ്വരം സ്‌കൂൾ അധികൃതരുടെ ആരോപണം.