തിരുവനന്തപുരം : നെയ്യാർഡാം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടന്ന കെഎസ്‌യു പഠന ക്യാമ്പിലെ തമ്മിലടിയിൽ നടപടി. എൻഎസ്‌യു നേതൃത്വമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സംഘർഷം ഉണ്ടാക്കിയ രണ്ട് പേർക്ക് സസ്പെൻഷൻ നൽകി.
കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരായ അൽ അമീൻ അഷറഫ്, ജെറിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. ക്യാമ്പിലെ സംഘർഷത്തിൻ്റെ വാർത്തയും ദൃശ്യങ്ങളും ചോർത്തി മാധ്യമങ്ങൾക്ക് നൽകിയതിലും ദേശീയ നേതൃത്വം നടപടി സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്‌ണനെയും എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജിനെയും സസ്പെൻഡ് ചെയ്‌തു.
കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിൽ ശനിയാഴ്‌ച അർദ്ധരാത്രിയോടെയായിരുന്നു പ്രവർത്തകരുടെ കൂട്ടത്തല്ല്. സംഭവത്തിൽ കെഎസ്‌യു പാറശ്ശാല മണ്ഡലം കമ്മിറ്റി ഭാരവാഹിയും പാറശാല സ്വദേശിയുമായ സുജിത്തിൻ്റെ കൈയിലെ ഞരമ്പുകൾ മുറിഞ്ഞിരുന്നു. സുജിത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സ്റ്റഡി സെൻ്ററിൽ മെയ് 24 നായിരുന്നു മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പഠന ക്യാമ്പ് ആരംഭിച്ചത്.
Also Read:ബാര്‍ കോഴ ആരോപണം: എക്സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നോട്ടെണ്ണല്‍ യന്ത്രവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്