കോഴിക്കോട് :വിരമിച്ച ഡിവൈഎസ്‌പിയെയും മകളെയും വഴിയിൽ തടഞ്ഞ് വധഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്‌ത പൊലീസുകാരനെതിരെ നടപടി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിന്ദു ശ്രീജേഷിനെ സസ്പെൻഡ് ചെയ്‌തു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂജ് പലിവാളിന്‍റേതാണ് നടപടി. ചേവായൂർ ഇൻസ്പെക്‌ടർ കെ.കെ. ആഗേഷിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത് (Bindu Sreejesh suspended).
ജനുവരി 27ന് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്‌പാൽ മീണയ്ക്ക് നൽകിയിരുന്നു.
ജനുവരി 26ന് ഉച്ചയ്ക്ക് മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് സിറ്റി ക്രൈം ഡിറ്റാച്മെന്‍റ് മുൻ ഡിവൈഎസ്‌പിയും മകളും മാലൂർക്കുന്ന് എആർ ക്യാമ്പിലെ പൊലീസ് കാന്‍റീനിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്നു.
ക്യാമ്പിന് സമീപത്തുള്ള റോഡിലൂടെ കാർ ഓടിച്ച് വരുന്നതിനിടയിൽ മുന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിനെ മറികടന്ന് പോകാൻ മുൻ ഡിവൈഎസ്‌പി ഹോൺ മുഴക്കി. പിക്കപ്പ് വാനിന്‍റെ പിന്നിൽ നിന്ന് ഹോൺ അടിച്ചതോടെ വാൻ ഓടിച്ചിരുന്ന പൊലീസ് ഓഫീസർ ബിന്ദു ശ്രീജേഷ് പ്രകോപിതനായി വണ്ടിയിൽ നിന്നിറങ്ങി.
തുടർന്ന് കാറിനുമുന്നിൽ നിന്ന് മുൻ ഡിവൈഎസ്‌പിയുമായി വാക്കേറ്റം ഉണ്ടായി. അതിനുശേഷം ആദ്യം കാർ ക്യാമ്പിലെത്തുമ്പോൾ പ്രവേശന കവാടത്തിന്‍റെ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു.
അതിനിടെ കാറിനുപിന്നാലെ പൊലീസുകാരന്‍റെ വാഹനവും എത്തി. ഗേറ്റിനുമുന്നിൽ ഇറങ്ങി നിന്ന് പൊലീസുകാരൻ വീണ്ടും അസഭ്യവർഷം തുടർന്നു. കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. തുടര്‍ന്ന് പൊലീസ് ഓഫീസർ ബിന്ദു ശ്രീജേഷിനെതിരെ മുൻ ഡിവൈഎസ്‌പി പരാതി നൽകുകയായിരുന്നു.