ക്രിസ്‌മസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമെയുള്ളൂ. നാടാകെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കായുള്ള തകൃതിയായ ഒരുക്കങ്ങള്‍ തുടങ്ങി. ആഘോഷങ്ങള്‍ക്ക് സ്‌പെഷലായി എന്തുണ്ടാക്കുമെന്ന ചിന്തിയിലാണ് വീട്ടമ്മമാരും. എന്നാലിനി ചിന്തിച്ച് സമയം കളയേണ്ട. നല്ല അടിപൊളിയൊരു ബീഫ് റോസ്റ്റ് തയ്യാറാക്കാം. സിമ്പിളും ടേസ്റ്റിയുമായ ബീഫ് റോസ്റ്റിന്‍റെ റെസിപ്പിയിതാ...
ആവശ്യമുള്ള ചേരുവകള്‍:
- ബീഫ്
- സവാള
- മുളക് പൊടി
- മല്ലിപൊടി
- കുരുമുളക് പൊടി
- പെരുംജീരകം
- ബീഫ് മസാല
- തക്കാളി
- ഇഞ്ചി
- വെളുത്തുള്ളി
- ചെറിയ ഉള്ളി
- മല്ലിയില
- കറിവേപ്പില
- തേങ്ങാക്കൊത്ത്
- എണ്ണ
- ഉപ്പ്
തയ്യാറാക്കേണ്ട വിധം:റോസ്റ്റ് തയ്യാറാക്കുന്നതിനായി ആദ്യം ബീഫ് കഴുകി വൃത്തിയാക്കുക. ശേഷം മസാല ചേര്‍ത്ത് ആദ്യം ബീഫ് വേവിച്ചെടുക്കാം. അതിനായി ഒരു കുക്കറിലേക്ക് ബീഫ് ഇട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലി പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പെരും ജീരകം പൊടിച്ചത്, ബീഫ് മസാല (ആവശ്യമെങ്കില്‍ മാത്രം) എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല.
കുക്കര്‍ അടുപ്പില്‍ വച്ച് ബീഫ് വേവിച്ചെടുക്കാം. ശേഷം മറ്റൊരു പാത്രത്തില്‍ ഇതിനായുള്ള മസാല തയ്യാറാക്കാം. ചുവട് കട്ടിയുള്ള ഒരു പാത്രമോ മണ്‍പാത്രമോ അടുപ്പില്‍ വയ്‌ക്കാം. പാത്രം ചൂടാകുമ്പോള്‍ അതിലേക്ക് അല്‍പം എണ്ണയൊഴിക്കുക. അത് ചൂടായി വരുമ്പോള്‍ അരിഞ്ഞ് വച്ച സവാള ചേര്‍ക്കുക. സവാള നന്നായി വഴറ്റിയ ശേഷം അതിലേക്ക് ആവശ്യമായ ഉപ്പ്, മുളക് പൊടി, മല്ലിപൊടി, ബീഫ് മസാല എന്നിവ ചേര്‍ക്കുക.
മസാലകളുടെ പച്ചമണം മാറിയാല്‍ അരിഞ്ഞ് വച്ച തക്കാളിയും കറിവേപ്പിലയും ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്ത് ഉടഞ്ഞാല്‍ അതിലേക്ക് വേവിച്ച് വച്ച ബീഫ് ചേര്‍ക്കുക. ബീഫില്‍ നിന്നും ഇറങ്ങിയ വെള്ളവും അതിലേക്ക് ഒഴിക്കാം. ഇത് നന്നായി മിക്‌സ് ചെയ്‌ത് യോജിപ്പിക്കുക. അല്‍പ നേരം തീ കത്തിച്ച് ചെറുതായൊന്ന് വെള്ളം വറ്റിച്ചെടുക്കാം. ശേഷം അതിന് മുകളിലേക്ക് അല്‍പം കുരുമുളക് പൊടിയും വറുത്ത വച്ച തേങ്ങാക്കൊത്തും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.