തിരുവനന്തപുരം:നെയ്യാറ്റിന്‍കര, വഴുതൂരിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ വ്യാപനം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരിച്ചു. വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയില്‍ നിന്നാണ് കോളറ പടരുന്നത്. വ്യാപനം നിയന്ത്രിക്കാന്‍ ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡും ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
ജാഗ്രതാപൂർവം സമീപിച്ചില്ലെങ്കില്‍ കോളറ പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കോളറ എങ്ങനെ പകരുന്നു- മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് കോളറ പടരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും രോഗം ഉടന്‍ വരണമെന്നില്ല. രോഗാണു ഉള്ളിലെത്തി മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ വരെ രോഗം വരാന്‍ സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍ എന്തെല്ലാം ?പെട്ടെന്നുണ്ടാവുന്ന കഠിനമായ വയറിളകമാണ് രോഗത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണം. ഛര്‍ദിയും മറ്റൊരു രോഗ ലക്ഷണമാണ്. ഈ രണ്ട് ലക്ഷണങ്ങളും ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് തള്ളി വിടും. നിര്‍ജലീകരണമുണ്ടായാല്‍ രോഗി കുഴഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ വൈദ്യ സഹായം തേടിയില്ലെങ്കില്‍ രോഗം മരണത്തിലേക്ക് വരെ നയിക്കാം.