പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആയിരങ്ങൾ സാക്ഷിയായി മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം നടന്നു. തമിഴ്‌നാടുമായി തർക്കം നിലനിൽക്കുന്ന ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം. ഇടുക്കി-തേനി ജില്ല ഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവം നടത്തിയത്.
ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വർഷത്തിൽ ഒരിക്കൽ ചിത്ര പൗർണ്ണമി നാളിൽ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
കേരളവും തമിഴ്‌നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1980 കളിൽ തമിഴ്‌നാട് ക്ഷേത്രത്തിന് അവകാശവാദം ഉന്നയിച്ചതോടെ തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കലക്‌ടർമാരുടേയും പൊലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. സമുദ്രനിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതിഹ്യം. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു. കുമളിൽ നിന്ന് ജീപ്പുകളിലും കാൽ നടയായും ആയിരങ്ങൾ ഉത്സവത്തിന് എത്തി. കർശന സുരക്ഷ പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലും പ്രത്യേകം പൂജകൾ ഉണ്ടായിരുന്നു.
Also Read: പൈങ്കുനി ഉത്സവം ആറാട്ടിന്‍റെ നിറവിൽ കൊടിയിറങ്ങി ; ആറാട്ടുകലശം ഇന്ന്