തിരുവനന്തപുരം :ചാക്കയില്‍ നാടോടി ദമ്പതികളുടെ 2 വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന തുടരുന്നു. സ്ഥലത്തുനിന്നും വിരലടയാളങ്ങള്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഫോറന്‍സിക് സംഘം.
സംഭവത്തില്‍ സമീപത്തെ ചാക്ക ഐടിഐയിലേക്ക് പോകുന്ന ഭാഗത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ എടുത്തുകൊണ്ട് ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഇന്ന് തന്നെ പോലീസ് സംഘം പ്രതികളിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം (forensic team to find fingerprints).
കുട്ടിയുമായി പോകുന്ന ആളുടെ ദൃശ്യങ്ങള്‍ ലഭിച്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയും തുടരുകയാണ്.
ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകളെ ഇന്നലെ (19-02-2024) പുലര്‍ച്ചെ മുതലാണ് കാണാതായത്. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടോടി ദമ്പതികള്‍ താമസിച്ചിരുന്നത്. രാത്രി മൂന്ന് സഹോദരങ്ങള്‍ക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. അര്‍ധരാത്രി ഒരു മണിക്ക് ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി 12 മണിക്ക് ശേഷം രണ്ടുപേര്‍ ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവര്‍ക്കിടയില്‍ കുട്ടിയുള്ളതായി സംശയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ശക്തമാക്കി. പിന്നീട് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ബ്രഹ്മോസിനരികിലെ ഓടയില്‍ നിന്ന് വൈകീട്ട് 7.30ഓടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. 19 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.