തിരുവനന്തപുരം:സംസ്ഥാനത്ത് ബാര്‍കോഴ വിവാദം കത്തിപ്പടരവേ സര്‍ക്കാരിന് കവചമൊരുക്കി ചീഫ് സെക്രട്ടറി ഡോ. വി വേണു രംഗത്തെത്തി. സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നടന്ന ചര്‍ച്ചകളെ ദുരുപദിഷ്‌ടഇതമായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനന്‍റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ച്ച് ഒന്നിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗം ചര്‍ച്ച ചെയ്‌തിരുന്നു. സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധി കുറഞ്ഞതിന്‍റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. ഈസ് ഓഫ് ഡുയിങ് ബിസിനസ് പരിഷ്‌കരണങ്ങള്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവപല്‌മെന്‍റ് ഫണ്ട് വിനിയോഗം, കോടതികളില്‍ സര്‍ക്കാരിന്‍റെ കേസുകള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗം ചര്‍ച്ച ചെയ്‌തിരുന്നു.
ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകളും ആലോചനകളും ആവശ്യമാണെന്നും എല്ലാ സെക്രട്ടറിമാരും ആശയങ്ങള്‍ നിര്‍ദേശിക്കാനും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും രണ്ടു മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ കണ്ടെത്താനും ഈ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിവിധ മേഖലകളും വിഷയങ്ങളും ഈ യോഗത്തില്‍ കണ്ടെത്തിയിരുന്നു.
ഈ വിഷയങ്ങളുടെ കൂട്ടത്തില്‍ സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ 12 ദിവസം സംസ്ഥാനത്തു മദ്യ വില്‍പ്പന ഇല്ല എന്നതിനപ്പുറം ടൂറിസം മേഖലയിലും മറ്റു മേഖലകളിലും സംഘടിപ്പിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ യോഗങ്ങള്‍, ഇന്‍സെന്‍റീവ് യാത്രകള്‍, കോണ്‍ഫറന്‍സുകള്‍, കണ്‍വന്‍ഷന്‍, എക്‌സിബിഷന്‍ (MICE - Meetings Incentives Conferences Conventions Exhibitions) തുടങ്ങിയ ബിസിനസ് സാധ്യതകള്‍ സംസ്ഥാനത്തിനു നഷ്‌ടപ്പെടുന്നു എന്ന വിഷയം ഉന്നയിക്കപ്പെട്ടു.