തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ (Chief Electoral Officer). മാർച്ച് 18 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരുമാണ്.
85 വയസ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 വോട്ടർമാരും സംസ്ഥാനത്തുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരുമുണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാകും(election preparations).
വോട്ടെടുപ്പിനായി 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകൾ സംസ്ഥാനത്തുണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുണ്ടാകും. സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളുമുണ്ടാകും. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകളും യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന നൂറ് ബൂത്തുകളും ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകളും പ്രവർത്തിക്കും.
2,776 മാതൃക ബൂത്തുകളുമുണ്ടാകും. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ കഴിയും. പൊതുജനങ്ങൾക്ക് ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് കോൾ സെന്‍ററുകള്‍ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലകളിൽ 1950 എന്ന നമ്പരിലും ചീഫ് ഇലക്‌ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും സഞ്ജയ് കൗൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു(Election Code of Conduct).