കോട്ടയം:നിയമസഭ സ്‌പീക്കർക്ക് അവകാശ ലംഘന പരാതി നൽകി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം തന്നെ ഒഴിവാക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല.
ഇതാണ് പരാതിക്ക് കാരണം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്. സർക്കാരിൻ്റെ പരിപാടികൾ തന്നെ ക്ഷണിക്കാറില്ല. അക്കാര്യത്തിൽ മുമ്പും പരാതി നൽകിയിട്ടുണ്ടെന്ന് എംഎൽഎ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. കോട്ടയത്ത് പരിപാടികളിൽ സ്ഥിരമായി രണ്ട് മന്ത്രിമാരുണ്ടാകും. നവ കേരള സദസിൽ എംഎൽഎ അധ്യക്ഷനായിരുന്നു. എന്നാൽ രണ്ട് മന്ത്രിമാരുണ്ടാകുമ്പോൾ താൻ അധ്യക്ഷനാകണ്ടേ എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരോട് ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നുവെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.
പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൻ്റെ രക്ഷാധികാരി താനാണ്. എന്നാൽ ആ പരിപാടി തന്നെ അറിയിച്ചില്ല. ഫോൺ വിളിച്ച് കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. പരിപാടി തന്നെ അറിയിക്കാൻ ഒരു കത്ത് നൽകിയാൽ പോരേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഇത് തുടരാതിരിക്കാൻ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്, തുടർന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്ത് കൊണ്ട് തന്നെ ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്‍റെ സമാപനത്തിലും ക്ഷണിക്കാത്തതിന്‍റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന്‍ വേദിയിലെത്തി പ്രകടമാക്കിയത്.
പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നല്‍കിയ കത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ അതിൽ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കലോത്സവത്തില്‍ ക്ഷണിക്കാതെ തന്നെ പ്രതിഷേധ സൂചകമായി ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്.
വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും സദസില്‍ തന്നെ എംഎല്‍എ ഇരിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എംഎല്‍എ മണ്ഡലത്തിലില്ല എന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തന്നെയാരും വിളിച്ചിട്ടില്ലെന്നും മനഃപൂര്‍വം ക്ഷണിക്കാതിരുന്നതാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
Also Read:വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരിത്രം മായ്ക്കാൻ എൽഡിഎഫ് ശ്രമം, പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാഞ്ഞത് ജനാധിപത്യ വിരുദ്ധത: ചാണ്ടി ഉമ്മൻ