കേരളം

kerala

ETV Bharat / state

ചാണ്ടി ഉമ്മനെ അനുകൂലിച്ചു; ഷമാ മുഹമ്മദിന് പിന്നാലെ ജെ എസ് അഖിലിനെയും കെപിസിസി ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി - CONFLICT INSIDE CONGRESS

സ്വന്തമായി ലൈക്കും കമന്‍റും സൃഷ്‌ടിക്കാന്‍ കഴിയുന്നവര്‍ക്കേ ഇന്ന് കോണ്‍ഗ്രസില്‍ സ്ഥാനമുള്ളൂ എന്ന അഖിലിന്‍റെ പരാമര്‍ശമാണ് പുറത്താക്കലിന് കാരണം

CHANDY OOMMEN CONGRESS  SHAMA MOHAMED CONGRESS  കോണ്‍ഗ്രസില്‍ കലഹം  ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ്
JS Akhil (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിവാദം അണയുകയല്ല, ആളിപ്പടരുകയാണ് സംസ്ഥാന കോണ്‍ഗ്രസില്‍. ചാണ്ടി ഉമ്മനെ അനുകൂലിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്ന പുതിയ ശൈലിയിലൂടെ പിടിമുറുക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുയാണ് സംസ്ഥാന നേതൃത്വം എന്നാണ് യുവ നേതാക്കൾക്കിടയിലുള്ള അടക്കംപറച്ചിൽ.

ചാണ്ടി ഉമ്മന്‍ ഉന്നയിച്ച ആരോപണങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ അനുകൂലിച്ചു എന്ന പേരില്‍ കെ എസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് മാധ്യമ വിഭാഗം വക്താവുമായ യുവ നേതാവ് ജെ എസ് അഖിലിനെ മാധ്യമ വിഭാഗം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ് അഡ്‌മിനായ ഗ്രൂപ്പില്‍ നിന്നാണ് അഖിലിനെ പുറത്താക്കിയത്. സ്വന്തമായി ലൈക്കും കമന്‍റും സൃഷ്‌ടിക്കാന്‍ കഴിയുന്നവര്‍ക്കേ ഇന്ന് കോണ്‍ഗ്രസില്‍ സ്ഥാനമുള്ളൂ എന്നും അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ആര്‍ക്കും വേണ്ടെന്നും അഖില്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ലക്ഷ്യം വച്ചുള്ള ഒളിയമ്പാണ് അഖിലിന്‍റെ പരാമർശമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം എന്നാണ് സൂചന. നേരത്തെ ഷാഫി പറമ്പില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായിരിക്കെ അതേ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയായിരുന്നു അഖില്‍.

അന്ന് ഇരുവരും ഉമ്മന്‍ ചാണ്ടിയോടൊപ്പം നിലയുറപ്പിച്ചിരിന്നവരായിരുന്നുവെങ്കിലും ഷാഫിയുമായി അഖില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് പാർട്ടിക്കുള്ളിലെ അടക്കംപറച്ചിൽ. ഷാഫി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പദമൊഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായി അഖിലിനെ പരിഗണിക്കാനുള്ള തീരുമാനം എ ഗ്രൂപ്പ് കൈക്കൊണ്ടിരുന്നെങ്കിലും, വിഡി സതീശന്‍റെ പിന്തുണയോടെ ഷാഫി പറമ്പില്‍ ആ നീക്കം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഖിലിന്‍റെ പേര് അവസാന നിമിഷം വരെ ഉണ്ടായിരുന്നെങ്കിലും രമേശ് ചെന്നിത്തലയുടെ ഇടപെടലില്‍ അത് തെറിക്കുകയായിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്ന വിവരം.

സുധാകരനും സതീശനും കെപിസിസി നേതൃത്വം ഏറ്റെടുത്തിട്ടും ഇരു പക്ഷത്തും നിലയുറപ്പിക്കാതെ പഴയ ഉമ്മന്‍ ചാണ്ടി പക്ഷത്തിനൊപ്പം നിന്നതാണ്‌ അഖിലിനോട് ചിലര്‍ക്ക് വിരോധമുണ്ടാകാന്‍ കാരണമെന്നും, അഖിലിനെതിരെ നടപടിക്ക് തക്കം പാര്‍ത്തിരിക്കുകയായിരുന്നു എന്നും ചാണ്ടി ഉമ്മനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളിലൊരാള്‍ ഇടിവി ഭാരതിനോട് പറഞ്ഞു. എന്തായാലും തനിക്കെതിരെ പ്രതികാര നടപടിയുമായി നേതൃത്വം മുന്നോട്ടു പോകുന്നതിനെ കാര്യമാക്കുന്നില്ലെന്നും പറയാനുള്ളത് പറഞ്ഞു തന്നെ പോകുമെന്നുമാണ് അഖിലിന്‍റെ നിലപാട്. ഇന്ന് വൈകിട്ട് അഖില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് മാധ്യമ വിഭാഗം വക്താവായിരുന്ന ഷമാ മുഹമ്മദിനെ കഴിഞ്ഞ ദിവസം ഇതേ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേ രീതിയാണ് ഇപ്പോള്‍ അഖിലിനെതിരെയും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ നേതൃത്വത്തോട് ഇടഞ്ഞ, തിരുവനന്തപുരം ജില്ലയില്‍ ശക്തമായ ജന സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവ് എം എ ലത്തീഫിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ഏകദേശം ഒന്നര വര്‍ഷത്തോളം എംഎ ലത്തീഫ് പുറത്ത് നിന്നു. ശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എംഎം ഹസന്‍ കെപിസിസിയുടെ താത്‌കാലിക പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ തിരികെയെടുത്തെങ്കിലും സമ്മര്‍ദത്തെത്തുടർന്ന് വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ജില്ലയിലെ വിശ്വസ്‌തരില്‍ ഒരാളായിരുന്നു ലത്തീഫ്.

Also Read:'കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ട സാഹചര്യമില്ല, പുനഃസംഘടന ചര്‍ച്ചകളൊന്നും നടക്കുന്നില്ല': കെ മുരളീധരൻ

ABOUT THE AUTHOR

...view details