ആലപ്പുഴ:കനത്ത മഴയെ അവഗണിച്ചുകൊണ്ട് ചമ്പക്കുളത്താറിൻ്റെ ഇരുകരകളിലും തിങ്ങി കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴത്ത ആയാപറമ്പ് വലിയ ദിവാൻജി രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മുന്നാം സ്ഥാനം ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി.
പ്രാഥമിക മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞ സെൻ്റ് ജോർജ് ചുണ്ടൻ ഒന്നാം സ്ഥാനവും യു ബി സി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും ജീസസ് ബോട്ട് ക്ലബ് കൊല്ലം ചെറുതന മൂന്നാം സ്ഥാനവും നേടി.
മത്സര വള്ളംകളിക്ക് മുമ്പായി രാവിലെ തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്‌ഠാനങ്ങളും നടത്തി. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് എ ഡി എം വിനോദ് രാജ് പതാക ഉയർത്തി. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്‌തു.