ദില്ലി: പ്രളയക്കെടുതിയില്‍ നിന്നും അതിജീവിക്കാൻ വിവിധ സംസ്ഥാനങ്ങള്‍ക്കായി പ്രളയ ഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തെ അവഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രളയക്കെടുതി നേരിട്ട 14 സംസ്ഥാനങ്ങള്‍ക്ക് ദുരന്തനിവാരണ സഹായത്തിനുള്ള കേന്ദ്ര വിഹിതമായി 5858.60 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിനാകെ ലഭിച്ചത് 145.60 കോടി രൂപ മാത്രം. കേന്ദ്ര ഫണ്ടില്‍ നിന്ന് മാഹാരാഷ്‌ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മഹാരാഷ്‌ട്രയ്ക്ക് മാത്രം 1458 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിന് 1036 കോടി രൂപയും, അസമിന് 716 കോടി രൂപയും, ബിഹാറിന് 655.60 കോടി രൂപയും, ഗുജറാത്തിന് 600 കോടിയും, പശ്ചിമ ബംഗാളിന് 468 കോടി രൂപയും, തെലങ്കാനയ്ക്ക് 416 കോടി രൂപയും കേന്ദ്രം അനുവദിച്ചു.
പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് ദിവസം മുമ്പ് 675 കോടി രൂപയുടെ കേന്ദ്രധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് പിന്നാലെ കേരളത്തെ കേന്ദ്രം തഴഞ്ഞെന്ന രീതിയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്നലെ കേന്ദ്ര വിഹിതത്തില്‍ നിന്ന് 145.60 കോടി രൂപ കേരളത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അനുവദിച്ച തുക വളരെ കുറവാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എൻഡിഎ സര്‍ക്കാരിന്‍റെ സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ഭരിക്കുന്ന ആന്ധ്രാപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ് 185 കോടി രൂപയും, മണിപ്പൂരിന് 50 കോടി രൂപയും, ത്രിപുരയ്ക്ക് 25 കോടി രൂപയും, മിസോറാമിന് 21.60 കോടിയും നാഗാലാൻഡിന് 19.20 കോടിയും, സിക്കിമിന് 23.60 കോടി രൂപയും കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്.
നേരത്തെ വയനാട് ഉരുള്‍പൊട്ടല്‍ പശ്ചാത്തലത്തില്‍ അടക്കം കേന്ദ്ര ധനസഹായമായി കൂടുതല്‍ തുക കേരളത്തിന് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളായ ചൂരല്‍മലയും മുണ്ടക്കൈയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര സംഘവും വയനാട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിന്‍റെ ആവശ്യപ്രകാരം കേരളം വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നെങ്കിലും കേരളത്തിന് അര്‍ഹിച്ച ധനസഹായം അനുവദിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. 2000 കോടി രൂപയായിരുന്നു ധനസഹായമായി കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നത്.
Also Read:ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി; പ്രത്യേക പാക്കേജ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാൻ സര്‍ക്കാര്‍