കേരളം

kerala

ETV Bharat / state

കമഴ്ത്തിവച്ച ചിരട്ട പോലെ ഉൾഭാഗം ; കണ്ണൂർ കുറ്റ്യാട്ടൂരിൽ പഴുതറകൾ - Caves discovered in Kannur

പുരാതന ചരിത്ര വിശേഷങ്ങളിലേക്ക്‌ വെളിച്ചം വീശി, കണ്ണൂർ കുറ്റ്യാട്ടൂരിൽ കൊത്തി രാകി മിനുക്കിയ മനോഹര ഗുഹകൾ അഥവാ പഴുതറകൾ

Ruins Discovered In Kuttiattoor  different types of ruins  archeology  Caves Caves discovered in Kannur
Caves discovered in Kannur

By ETV Bharat Kerala Team

Published : Mar 15, 2024, 9:38 PM IST

കണ്ണൂർ കുറ്റ്യാട്ടൂരിൽ പഴുതറകൾ കണ്ടെത്തി

കണ്ണൂർ : കുറ്റ്യാട്ടൂർ ഗ്രാമത്തിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കാരാറമ്പ് കുറത്തിക്കുണ്ടിൽ എത്താം. ഇടനാടൻ ചെങ്കൽ പ്രദേശമായ കുറത്തിക്കുണ്ടില്‍ പറങ്കിമാവ് തോട്ടത്തിലൂടെ സഞ്ചരിച്ചാൽ ഒരു കാലഘട്ടത്തിന്‍റെ വലിയ തിരുശേഷിപ്പുകൾ കാണാം. അടുത്തടുത്തായി ഇവിടെ മാത്രം രണ്ട് പഴുതറകൾ. കൊത്തി രാകി മിനുക്കിയ മനോഹര ഗുഹകൾ അഥവാ പഴുതറകൾ.

ബിസി 500, 1000 കാലഘട്ടങ്ങൾക്കിടയിൽ ഉണ്ടാക്കിയതാണ് കണ്ടെത്തിയ പഴുതറകൾ എന്നാണ് വിവരം. മുനിയറ തൊപ്പിക്കല്ല്, കുടക്കല്ല്, എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. മറയൂരിലും പാലക്കാട്ടും മറ്റും കണ്ടെത്തിയത് 5 കരിങ്കൽ പാളികൾ കൊണ്ടുണ്ടാക്കിയതാണ്. എന്നാൽ ഇടനാടൻ ചെങ്കൽ പ്രദേശമായ കുറ്റ്യാട്ടൂരില്‍ ഇപ്പോൾ കണ്ടെത്തിയ പഴുതറയ്ക്ക് മുകളിൽ അടപ്പ് പോലുള്ള തൊപ്പിക്കല്ലില്ല.

ഒരു ഭാഗത്തുകൂടി ഒരാൾക്ക് കടക്കാൻ പാകത്തിലുള്ള ചതുര വാതിലേ ഉള്ളൂ. കമഴ്ത്തിവച്ച ചിരട്ട പോലെയാണ് ഉൾഭാഗം. മുൻ ഭാഗ വാതിലിന്‍റെ പാളി കാണാനില്ല. രണ്ട് പഴുതറകളിൽ ഒന്ന് രണ്ടാൾക്ക് ഇരിക്കാവുന്നതും ഒരാൾക്ക് കിടക്കാവുന്ന തരത്തിലുമുള്ളതുമാണ്. നൂറടി മാത്രം അകലത്തിലാണ് ഇവ. നേരത്തെ ഇതിന് 300 മീറ്റർ അകലെ ചതുര അറ കൂടിയുണ്ടായിരുന്നു. ഇത് പിന്നീട് തകർക്കപ്പെട്ടുവെന്നും കുറ്റ്യാട്ടൂരിന്‍റെ ചരിത്ര ഗവേഷകനും മുൻ അധ്യാപകനുമായ എ പ്രഭാകരൻ പറഞ്ഞു.

ഇരുമ്പായുധം ഉപയോഗിക്കാൻ തുടങ്ങിയ കാലത്ത് ഉണ്ടായതാകാം പഴുതറകൾ എന്ന് പറയുന്നവരും ഉണ്ട്. രണ്ട് അറകളും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ളതാണ്. കുറ്റ്യാട്ടൂർ കൂട്ടായ്‌മ, പ്രദേശത്തെ പഠിക്കാൻ ഇറങ്ങിയപ്പോഴാണ് ഗുഹ കണ്ടത്. പരിസര പ്രദേശങ്ങളിലെ ഇത്തരം കാഴ്‌ചകളില്‍ പുരാതന ചരിത്ര വിശേഷങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് ഈ കൂട്ടായ്‌മ പറയുന്നത്.

ABOUT THE AUTHOR

...view details