ട്വന്‍റി20 സമ്മേളനത്തിലെ സാബു എം.ജേക്കബിന്‍റെ പ്രസംഗം എറണാകുളം: ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരെ പരാതിയുമായി കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജിൻ. തന്നെ പൊതു വേദിയില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സാബു ജേക്കബിനെതിരെ എംഎല്‍എ പരാതി നല്‍കി. സാബുവിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ പുത്തൻകുരിശ് ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയത് (PV Sreenijan MLA).
ട്വന്‍റി20 പൊതു സമ്മേളനത്തിനിടെയുണ്ടായ സാബുവിന്‍റെ പ്രസ്‌താവനകളാണ് പരാതിക്ക് കാരണമായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച (ജനുവരി 21) വൈകീട്ട് 5.30നാണ് കേസിനാസ്‌പദമായ സംഭവം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലഞ്ചേരി സെന്‍റ് പീറ്റേർസ് കോളജ് ഗ്രൗണ്ടിൽ വച്ചു നടന്ന ട്വന്‍റി20 സമ്മേളനത്തിൽ സാബു എം ജേക്കബ് എംഎല്‍എയെ അധിക്ഷേപിച്ചെന്നാണ് പരാതി. ഒരു നിയമസഭാംഗം എന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഔദ്യോഗികമായി ഞാൻ നിർവഹിക്കേണ്ട ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത തരത്തിൽ എന്നെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് പ്രസംഗിക്കുകയുണ്ടായെന്ന് എംഎല്‍എ പരാതിയില്‍ പറയുന്നു (Twenty 20 Chief Coordinator Sabu M Jacob).
ഹിന്ദു-പുലയ സമുദായാംഗമായ ഞാൻ ഒരു പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണെന്ന ബോധ്യത്തോട് കൂടി സാബു എം ജേക്കബ് എന്നെ 'കാട്ടുമാക്കാൻ, പ്രത്യുല്‍പാദന ശേഷിയില്ലാത്തവൻ, മനുഷ്യനും മൃഗവുമല്ലാത്ത ജന്തു' എന്നിങ്ങനെ നിരവധി ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളാണ് അന്നത്തെ പ്രസംഗത്തിൽ നടത്തിയിട്ടുള്ളതെന്നും എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടി. സാബു എം ജേക്കബിന്‍റെ വാക്കുകൾ തനിക്ക് മാനഹാനിയും മനോവേദനയും ഉണ്ടാക്കിയെന്ന് പി.വി ശ്രീനിജൻ പരാതിയിൽ പറഞ്ഞു (PV Sreenijan MLA Complained Against Sabu M Jacob).
1989ലെ പട്ടിക ജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചും സാബു എം ജേക്കബിനും അന്ന് വേദിയിൽ ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന വ്യക്തികൾക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും രണ്ട് പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. സമാന പരാതിയില്‍ നേരത്തെയും സാബുവിനെതിരെ എംഎല്‍എ പരാതി നല്‍കുകയും അതില്‍ പൊലീസ് നടപടി എടുക്കുകയും ചെയ്‌തിരുന്നു (Twenty20).