എറണാകുളം : ആഗോളതലത്തിൽ അർബുദ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കാൻസർ ദിനം (World Cancer Day) കൂടി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് പത്ത് മില്ല്യൻ ആളുകൾ ഓരോ വർഷവും അർബുദം ബാധിച്ച് മരണമടയുന്നു. എന്നാൽ മൂന്നിലൊന്ന് കാൻസറും വരാതെ സൂക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടന (WHO on Cancer treatment) വ്യക്തമാക്കുന്നത്.
രോഗം നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ മൂന്നിലൊന്ന് രോഗബാധയും ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയും. സ്വന്തം കുടുംബത്തിലെ നിരവധി പേരുടെ ജീവൻ കാൻസർ തട്ടിയെടുത്തതിനെ തുടർന്ന് കാൻസറിനെതിരായ പ്രവർത്തനങ്ങൾക്ക് തൻ്റെ ജീവിതം സമർപ്പിച്ച ഒരാളാണ് കൊച്ചിയിലെ ഡോക്‌ടര്‍ എൻ.കെ സനിൽകുമാർ (Kochi based cancer expert Doctor Sanil Kumar). കാൻസർ രോഗ വിദഗ്‌ധനായ അദ്ദേഹമാണ് കൊച്ചിയിലൊരു അത്യാധുനിക കാൻസർ സെന്‍റർ എന്ന ആശയം തന്നെ ഉയർത്തി കൊണ്ടുവന്നത്.
ജസ്റ്റിസ് വി.ആർ കൃഷണയ്യർ മൂവ്മെൻ്റിൻ്റെ ചാലകശക്തിയായ ഡോ. എൻ.കെ സനിൽ കുമാറിന് പറയാനുള്ളത് കൊച്ചി കാൻസർ സെൻ്റർ എത്രയും പെട്ടന്ന് യാഥാർഥ്യമാക്കണമെന്നാണ്. കാൻസർ ദിനത്തിൽ ചികിത്സയെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ഡോ എൻ.കെ സനിൽ കുമാർ കൊച്ചിയിൽ ഇടിവി ഭാരതിനോട് പങ്കുവച്ചു.
കാൻസറിനെതിരെയുള്ള പ്രതിരോധ ചികിത്സ സംവിധാനവും വളരുകയാണ്. എന്നാൽ കേരളത്തിൽ ചികിത്സ ചെലവ് വളരെ കൂടുതലാണെന്ന് ഡോ എൻ.കെ സനിൽ കുമാർ പറയുന്നു. ഒരു കാൻസർ രോഗി കുടുംബത്തിലുണ്ടായാൽ സാമ്പത്തിക സ്ഥിതി ആകെ താളം തെറ്റുന്ന സാഹചര്യമാണ് ഉള്ളത്. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്ങനെ നല്ല ചികിത്സ നൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്.
സ്വകാര്യ ആശുപത്രികളിൽ നല്ല കാൻസർ ചികിത്സകൾ ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല. അവർക്ക് താങ്ങാൻ കഴിയുന്ന കാൻസർ ചികിത്സ ലഭിക്കണമെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ കൂടുതലായി വരണം. കേരളത്തിൽ സർക്കാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാൻസർ ചികിത്സ കേന്ദ്രം തിരുവനന്തപുരം ആർ.സി.സിയാണ്. തലശേരിയിലെ മലബാർ കാൻസർ സെൻ്ററിന് മലബാറിലെ രോഗികളുടെ ആവശ്യങ്ങൾ തന്നെ പരിഹരിക്കാൻ കഴിയുന്നില്ല. മധ്യകേരളത്തിലാണ് സർക്കാർ തലത്തിൽ കാര്യമായ ചികിത്സ ലഭ്യമല്ലാത്തത്.
അങ്ങനെയാണ് മധ്യകേരളത്തിൽ കാൻസർ ചികിത്സയും ഗവേഷണവും ഉൾക്കൊള്ളുന്ന ചികിത്സ കേന്ദ്രം വേണമെന്ന ആവശ്യം ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യർ മൂവ്മെൻ്റ് ശക്തമായി ഉന്നയിക്കുകയും സർക്കാർ തലത്തിൽ സമ്മർദം ചെലുത്തി 2016ല്‍ കാൻസർ സെൻ്ററിന് തറക്കല്ലിടുകയും ചെയ്‌തത്. തറക്കല്ലിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂർണ്ണമായി യാഥാർഥ്യമാക്കാൻ കഴഞ്ഞിട്ടില്ല.
360 കിടക്കകളോടെ പ്ലാന്‍ ചെയ്‌ത ഏഴ് ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമാണം തൊണ്ണൂറ് ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി ഇതിനാവശ്യമായ ഉപകരണങ്ങൾ വിദേശത്ത് നിന്ന് ഉൾപ്പടെ ഇറക്കുമതി ചെയ്യണം. ഇതിനെല്ലാം സമയം വേണ്ടി വരും. ആറ് മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കാനാണ് സാധ്യത. സർക്കാറിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിലും കാൻസർ ചികിത്സ പ്രധാന അജണ്ടയായി എടുത്ത് എത്രയും വേഗം കൊച്ചി കാൻസർ സെൻ്റർ യാഥാർഥ്യമാക്കണമെന്നും ഡോ എൻ.കെ സനിൽ കുമാർ ആവശ്യപ്പെടുന്നു.