കോഴിക്കോട്:കൊയിലാണ്ടി നഗരസഭ പരിധിയിൽ ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ കയ്യോടെ പിടിയിലാകും. തെളിവായി വീഡിയോയും ഉണ്ടാകും. 25,000 രൂപ വരെ പിഴയും ഈടാക്കും. ഇതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 26 ഇടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
നഗരസഭയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിലാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ പറഞ്ഞു. വിവിധയിടങ്ങളിലായി സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാലിന്യമുക്തം നവകേരളം നഗരസഭ ക്ലീൻ ആൻ്റ് ഗ്രീൻ പദ്ധതിയുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചതെന്നും കെ സത്യന്‍ വ്യക്തമാക്കി.
നഗര ഭരണാധികാരികളുടെയും ഹെൽത്ത് ഉദ്യോഗസ്ഥരുടെയും ഫോണിൽ 24 മണിക്കൂറും ദൃശ്യങ്ങൾ ലഭിക്കും. ഇത് പരിശോധിച്ച് പിഴയും മറ്റ് നടപടികളും കൈക്കൊള്ളും. ഔദ്യോഗിക ഉദ്‌ഘാടനത്തിന് ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക. ജനങ്ങൾക്കിടയിൽ ബോധവത്‌കരമാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
ക്യാമറ സ്ഥാപിച്ച സ്ഥലങ്ങള്‍:ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം, ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം, നെല്ല്യാടി പാലത്തിന് സമീപം, നടേരി അക്വഡേറ്റിന് സമീപം, കൊല്ലം മത്സ്യമാര്‍ക്കറ്റ്, പന്തലായനി റോഡ്, മുത്താമ്പി റോഡ് ജംഗ്ഷന്‍, പെരുവട്ടൂര്‍ ജംഗ്ഷന്‍, മുത്താമ്പി, മഞ്ഞളാട് മല എംസിഎഫ്, കാവുംവട്ടം ജംഗ്ഷന്‍, അണേല കണ്ടല്‍പാര്‍ക്ക്, കണയങ്കോട് പാലത്തിന് സമീപം, റെയില്‍വേ ഓവര്‍ ബ്രിഡ്‌ജിന് താഴെ കല്ല്യാണ്‍ ബാറിന് സമീപം, ഡോ.സതീഷിന്‍റെ വീടിന് പരിസരം,
എല്‍ഐസി റോഡില്‍ സ്‌കൂള്‍ മതിലിന് സമീപം, ഹാപ്പിനസ് പാര്‍ക്കിന് സമീപം, ബസ് സ്റ്റാന്‍ഡ് തുംബൂര്‍ മൂഴിക്ക് സമീപം, ബപ്പന്‍കാട് ടോള്‍ബൂത്തിന് സമീപം, ബസ് സ്റ്റാന്‍ഡ് പച്ചക്കറി വിപണന കേന്ദ്രത്തിന് സമീപം, ബസ് സ്റ്റാന്‍റ് കംഫര്‍ട്ട് സ്റ്റേഷന് സമീപം, മീത്തലെക്കണ്ടി പള്ളിക്ക് സമീപം, എന്‍എച്ച് ഹൈവേ ഹാര്‍ബര്‍ ജംഗ്ഷന്‍, ഹാര്‍ബറിന് സമീപം, സിവില്‍ സ്റ്റേഷന്‍ സ്‌നേഹാരാമത്തിന് സമീപം, വിയ്യൂര്‍ വില്ലേജ് ഓഫിസിന് സമീപം, കൊല്ലം ചിറ ഗാന്ധി പ്രതിമയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.