തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പുറത്തു വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, പ്രഖ്യാപിച്ചേക്കുമെന്നു കരുതുന്ന പുതിയ ക്ഷേമ പദ്ധതികള്‍ ആകാംക്ഷയേറ്റുന്നു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന പൂര്‍ണ ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. പ്രധാനമായും ക്ഷേമ പെന്‍ഷന്‍ വര്‍ധനയിലൂടെ അടിസ്ഥാന വര്‍ഗത്തെയും ഏറെ പരാജയമായ മെഡിസെപ്പ് പരിഷ്‌കരണത്തിലൂടെ മധ്യ വര്‍ഗത്തെയും റബ്ബര്‍, നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വില പരിഷ്‌കരിച്ച് കാര്‍ഷിക മേഖലയെയും കയ്യിലെടുക്കാനാകും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ശ്രമിക്കുക എന്നൊരു പൊതു വിലയിരുത്തലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തി പാതിവഴിയിലാകുന്നതിന്‍റെ അപകടം തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ തിരിച്ചടിക്കുമെന്നകാര്യത്തില്‍ ധനമന്ത്രിക്കു കൃത്യമായ ധാരണയുണ്ടാകും. അപ്പോള്‍ ഒരു വശത്തെ ധനപ്രതിസന്ധി മറുവശത്തെ ജനപപ്രിയ പ്രഖ്യാപനങ്ങള്‍ ഇതു രണ്ടും സമാസമം ചാലിച്ചെടുത്ത തന്ത്രപരമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നതാകും ഉചിതം. പത്താം ധനകാര്യ കമ്മിഷന്‍റെ കാലത്ത് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു വിഭജിച്ചു നല്‍കുന്ന വരുമാനത്തിന്‍റെ തോത് 10-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് 3.950 ശതമാനമായിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ കാലത്തെത്തുമ്പോള്‍ 1.925 ശതമാനമായി കുറഞ്ഞുവെന്ന ധനമന്ത്രിയുടെ പതിവു കുറ്റപ്പെടുത്തല്‍ വസ്‌തുതയാണെങ്കിലും അതിനെ മറികടക്കാനെന്ത് എന്നതില്‍ത്തന്നെയാകും ധനമന്ത്രിയുടെ സാമ്പത്തിക മാനേജ്‌മെന്‍റ് വൈദഗ്ധ്യം എന്ന് ഇതിനകം സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.
ചരക്ക്-സേവന നികുതി അഥവാ ജിഎസ്‌ടി പ്രാബല്യത്തിലായതോടെ അധികാരമെല്ലാം നഷ്‌ടപ്പെട്ടു എന്ന ചിന്തയില്‍ നിന്ന് അതിനെ മറികടക്കാനുള്ള വഴികളാലോചിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരളത്തിനു ബുദ്ധിമുട്ടില്ലെന്നു ചൂണ്ടിക്കാണിക്കുന്ന സാമ്പത്തിക വിദഗ്‌ദ്ധരും കുറവല്ല. വ്യവസായവത്കരണത്തില്‍ പിന്നോട്ടു പോയതുമൂലം സേവന നികുതിയില്‍ ഇന്ന് കാര്യമായ വരുമാനമില്ലത്തതാണ് കേരളത്തിന്‍റെ പരാജയമെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യ വര്‍ഗത്തില്‍ നിന്ന് വിഭവ സമാഹരണത്തിന് വലിയ സാധ്യതയാണ് കേരളത്തില്‍ നില നില്‍ക്കുന്നതെന്ന് ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റിയായ ഡോ. ജോസ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നഷ്‌ടം നികത്തിക്കൊടുക്കാം എന്ന കരാറിന്‍മേല്‍ ഭൂ നികുതി ഏറ്റെടുത്തു ശാസ്ത്രീയമായി പിരിച്ചെടുത്താല്‍ ഇന്നത്തേതിന്‍റെ മൂന്നിരട്ടി വരുമാനമുണ്ടാക്കാമെന്നദ്ദേഹം പറയുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ പ്രീമിയം സേവനങ്ങള്‍ ഏര്‍പ്പെടുത്തി മധ്യവര്‍ഗത്തിനും സമ്പന്നര്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കി വന്‍ തോതില്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന പ്രസക്തമായ നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ അടിസ്ഥാന വര്‍ഗത്തിനും സാധാരണക്കാര്‍ക്കും മാത്രമായി ചികിത്സ വിഭജിക്കപ്പെടുന്നതിലൂടെ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സേവനങ്ങളുടെ ഗുണനിലവാരമുയര്‍ത്താം, ഖജനാവു നിറയ്ക്കാം. പുറമേ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള മാതൃകകള്‍ കണക്കിലെടുത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഭൂമി, ജലപാതകള്‍, അണക്കെട്ടുകള്‍ തുടങ്ങിയ ആസ്ഥികള്‍ ഭാഗികമായെങ്കിലും പണമാക്കിമാറ്റാമെന്നും ജോസ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞം ഭാവിയുടെ വികസന കവാടം
2024-25 ബജറ്റില്‍ വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്‍റെ ഭാവി വികസനത്തിന്‍റെ കവാടം എന്നാണ് വിശേഷിപ്പിച്ചത്. ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി സമഗ്രവും വിപുലവുമായ ഒരു ഹബ്ബാക്കി മാറ്റുമെന്നായിരുന്നു അന്ന് ബജറ്റില്‍ ധനമന്ത്രി ബാലഗോപാലിന്‍റെ പ്രഖ്യാപനം. പക്ഷേ ആ പ്രഖ്യാപനതിനനുസരിച്ചുള്ള പദ്ധതികളിലേക്ക് പദമൂന്നാന്‍ കഴിഞ്ഞോ എന്ന സംശയം ബാക്കിയാണ്. ഇതിനായി 50 കിലോമീറ്റര്‍ പപരിധിക്കുള്ളില്‍ 10,000 ഏക്കര്‍ എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പക്ഷേ അതിനുള്ള നടപടികള്‍ക്ക് ഒട്ടും വേഗം പോര. വിഴിഞ്ഞം കേന്ദ്രമാക്കി കേരളത്തിന്‍റെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമുണ്ടാകുമെന്ന പ്രഖ്യാപനത്തിന് പദ്ധതിയുടെ ആദ്യഘട്ടം കമ്മിഷന്‍ ചെയ്യുന്നതു വരെ കാത്തിരിക്കാം. പുതിയ പദ്ധതി പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നതിനും സംശയം വേണ്ട.
പ്രതീക്ഷാ ഭാരവുമായി ക്ഷേമപെന്‍ഷന്‍ വര്‍ധന
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. നിലവില്‍ പഴയ മൂന്നു മാസത്തെ കുടിശികയുണ്ടെങ്കിലും ജനുവരി 20 ന് രണ്ടു മാസത്തെ പെന്‍ഷനായ 3200 രൂപ അനുവദിച്ചു. ഇത് ജനുവരി മാസത്തെ പെന്‍ഷനും കുടിശികയില്‍ ഒന്നും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും എന്നായിരുന്നു വാഗ്‌ദാനം. 1600 ല്‍ നിന്ന് ഒറ്റയടിക്ക് 2500 എന്നതിന് തീരെ സാധ്യത കാണുന്നില്ല. എന്നാല്‍ 300 രൂപയുടെയെങ്കിലും പ്രതിമാസ വര്‍ധനയ്ക്കു സാധ്യത കാണുന്നുണ്ട്. നിലവില്‍ 800 കോടി രൂപയാണ് ക്ഷേമപെന്‍ഷന് സര്‍ക്കാരിന് ഒരു മാസം വേണ്ടത്.
മെഡിസെപ്പ് പരിഷ്‌കരണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും വര്‍ഷത്തില്‍ പരമാവധി മൂന്ന് ലക്ഷം രൂപവവരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയായാണ് ആരംഭിച്ചതെങ്കിലും സാമ്പത്തിക പ്രയാസങ്ങളില്‍ പെട്ട് പദ്ധതി മുടന്തുകയാണ്. 553 ആശുപത്രികളെ തുടക്കത്തില്‍ എംപാനല്‍ ചെയ്‌തിരുന്നെങ്കിലും സമയത്തു സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ പല സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ നിന്നു പിന്‍മാറി. മെഡിസെപ്പ് കാര്‍ഡ് സ്വീകരിക്കാന്‍ ആശുപത്രികള്‍ പലതും മടിക്കുന്ന സാഹചര്യമാണ് നിലവില്‍. ഈ പ്രതിസന്ധിക്ക് ബജറ്റില്‍ പരിഹാരമുണ്ടായെക്കും. പെന്‍ഷന്‍കാരും ജീവനക്കാരും ആശ്രിതരുമായി 30 ലക്ഷത്തോളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
ശമ്പള പരിഷ്‌കരണ കമ്മിഷന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ ആറു തവണത്തെ ഡിഎ കുടിശകിയാണ്. പങ്കാളിത്ത പെന്‍ഷനു പകരം പഴയ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേക്കു മാറണം എന്നതിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും പ്രാവര്‍ത്തികമായില്ല. ഇത്തവണ അതു സംബന്ധിച്ച പ്രഖ്യാപനത്തിനു സാദ്ധ്യതയുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള കമ്മിഷനെ വയ്ക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനമനുസരിച്ചാണെങ്കില്‍ 12-ാം ശമ്പള കമ്മിഷനെ നിയമിക്കുമെന്ന പ്രഖ്യാപനത്തിനു സാധ്യത കാണുന്നുണ്ട്.
വയനാട് പുനരധിവാസ പാക്കേജ്
കേന്ദ്രം ഇതുവരെ വയനാടിനായി മുന്നോട്ടു വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനം വയനാടിനായി ഒരു പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുണ്ട്. വയനാടിനായി പുതിയ സെസ് വന്നാലും അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല
വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതി വരും
പരിസ്ഥിതി സൗഹൃദങ്ങളായ വൈദ്യുതി വാഹന പ്രോത്സാഹനത്തിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് നിലവിലുണ്ടെങ്കിലും വില കൂടിയ വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതിയാകാം എന്നൊരു നിര്‍ദ്ദേശം മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. ആ പ്രഖ്യാപനത്തിനു സാധ്യതയുണ്ട്.
ഭൂമി ന്യായ വില കുറയ്ക്കും
എസ്റ്റേറ്റ് മേഖലയിലെ ക്രയവിക്രയങ്ങള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ന്യായവിലയില്‍ കുറവു വരുത്തണമെന്ന ഒരു നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര മോഡലില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവനുവദിച്ചാല്‍ ക്രയ വിക്രയങ്ങള്‍ വര്‍ധിച്ച് വരുമാനം വര്‍ധിക്കാമെന്ന നിര്‍ദ്ദേശം മന്ത്രിക്കു മുന്നിലുണ്ട്.
കെഎസ് ആര്‍ടിസി പെന്‍ഷന്‍ ശമ്പള പ്രതിസന്ധി
കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നിലവിലെ പ്രതിസന്ധി ഒഴിയുമെന്നൊരു നിര്‍ദ്ദേശം മന്ത്രി ഗണേഷ്‌കുമാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അതിന് സാധ്യത തീരെയില്ലെങ്കിലും ശമ്പളം കൃത്യമായി വിതരണം ചെയ്യുന്നതിന് സ്ഥിരമായ സംവിധാനം പ്രഖ്യാപിച്ചേക്കും
ലോട്ടറി പരിഷ്‌കരണം
നിലവിലെ ഓണ്‍ലൈന്‍ ലോട്ടറി വില്‍പ്പന തടയിടുന്നതിനുള്ള പുതിയ ലോട്ടറി പ്രഖ്യാപനം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ച് ചെറുകിടകച്ചവടക്കാര്‍ക്ക് യഥേഷ്‌ടം ലഭ്യമാക്കാനുള്ള പ്രഖ്യാപനം ഉണ്ടാകും. 50000 പേര്‍ക്കെങ്കിലും അധിക തൊഴില്‍ സാധ്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാവേലി സ്റ്റോറുകളുടെ പരിഷ്‌കരണം
പൊതു വിപണി വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലായ മാവേലി സ്റ്റോറുകള്‍ ഏതാണ്ട് കളം വിട്ടമട്ടാണ്. സര്‍ക്കാര്‍ ധന സഹായമില്ലാത്തതു മൂലം പിടിച്ചു നില്‍ക്കാനാകാതെ വലയുകയാണ്. ഈ സാഹചര്യത്തില്‍ മാവേലി സ്റ്റോറുകളുടെ എണ്ണം നിയന്ത്രിച്ച് ഭക്ഷ്യ വസ്‌തുക്കളുടെ കാര്യക്ഷമമായ വിതരണത്തിനുള്ള പ്രഖ്യാപനത്തിനു സാധ്യതയുണ്ട്.
Also Read:കിഫ്‌ബി റോഡുകളിൽ ടോൾ വരുന്നു... പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്ന് സൂചന