തിരുവനന്തപുരം:കേരളത്തിലെ റെയില്‍വേ വികസനത്തിന് കോടികള്‍ അനുവദിച്ച് കേന്ദ്ര ഇടക്കാല ബജറ്റ്. റയില്‍വേ വികസനത്തിനായി 2744 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. 92 ഫ്ലൈ ഓവറുകൾ 34 ഫുട് ഓവർ ബ്രിഡ്‌ജുകൾ 48 ലിഫ്റ്റുകൾ എന്നിവയുടെ വികസനങ്ങള്‍ക്ക് അടക്കമാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് റയില്‍വേ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 35 റെയിൽവേ സ്റ്റേഷനുകളുടെ പുനർ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സെമി ഹൈ സ്‌പീഡ് ട്രെയിനുകൾക്ക് സുഗമമായ യാത്ര ഒരുക്കുന്ന വേഗ വർധന നടപടികളും ട്രാക്ക് പുനർ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന് ഇത്തവണ ലഭിച്ച റെയിൽവേ വിഹിതം രണ്ടാം യുപിഎ ഗവൺമെന്‍റിന്‍റെ കാലത്ത് ലഭിച്ചതിന്‍റെ ഏഴിരട്ടിയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു.
അങ്കമാലി ശബരിമല 116 കിലോമീറ്റർ റെയിൽവേ പാതയുടെ നിർമാണത്തിന് 100 കോടി അനുവദിച്ചു. എറണാകുളം മുതല്‍ കുമ്പളം 7.71 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലിന് 105 കോടിയും കുമ്പളം-തുറമുഖം 15.59 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലിന് 102.50 കോടി രൂപയും തിരുവനന്തപുരം- കന്യാകുമാരി 86.56 കിലോമീറ്ററിന് 365 കോടി രൂപയും തുറവൂർ - അമ്പലപ്പുഴ പാതയായ 50 കിലോമീറ്റര്‍ വികസനത്തിന് 500 കോടി രൂപയും വകയിരുത്തി.
അതേസമയം കേരളത്തിന് പുതിയ ട്രെയിനുകള്‍ ഒന്നും അനുവദിക്കാത്തത് യാത്രക്കാരെ നിരാശരാക്കി. തമിഴ്‌നാടിന്‍റെ റെയിൽവേ വികസനത്തിന് 6331 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക് ആകെ 12173 കോടി രൂപയാണ് ഈ ബജറ്റില്‍ ധനമന്ത്രി വകയിരുത്തിയിട്ടുള്ളത്.
അശ്വിനി വൈഷ്‌ണവിന് വിമര്‍ശനം:കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം തികച്ചും വസ്‌തുത വിരുദ്ധവും അവഗണന മറച്ചുവക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാന്‍ പറഞ്ഞു. റെയില്‍വേ വികസനത്തിനായി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പണം മുടക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം. റെയില്‍വേ വികസന പദ്ധതികള്‍ക്കായി മുഖ്യമന്ത്രി തന്നെ കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും നിരവധി തവണ കത്ത് നല്‍കുകയും ചെയ്‌തെങ്കിലും സ്ഥിതിയില്‍ ഒരു മാറ്റമുണ്ടായിട്ടില്ല.
ശബരിപാത യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആരാണ് തടസം നില്‍ക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കണമെന്നും വി. അബ്‌ദുറഹിമാന്‍ പറഞ്ഞു. 1997ല്‍ അനുവദിച്ചതാണ് ശബരി റെയില്‍ പദ്ധതി. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടത് അനുസരിച്ച് പദ്ധതി ചെലവിന്‍റെ 50 ശതമാനം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതാണ്. എന്നിട്ടും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. നൂറുകണക്കിന് ഹെക്‌ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച് വെറുതെ കിടക്കുന്നതെന്നും വി.അബ്‌ദുറഹിമാന്‍ കുറ്റപ്പെടുത്തി.