തിരുവനന്തപുരം: സംഘടന രംഗത്തെ കോണ്‍ഗ്രസ്, സിപിഎം പരാജയങ്ങളും ഗ്രാമീണ മേഖലകളിലേക്ക് കൂടി ബിജെപിക്ക് സ്വാധീനം പടര്‍ന്ന് കയറുന്നതിന്‍റെ സൂചനകളുമാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡല ഫലത്തിന്‍റെ സൂക്ഷ്‌മ പരിശോധനയില്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ കടന്നുകൂടിയത്. ചുരുക്കത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുമായുള്ള പോരാട്ടത്തില്‍ ഒട്ടകം സൂചിക്കുഴ കടക്കുന്ന പോലെയാണ് അടൂര്‍ പ്രകാശ് കടന്നു കൂടിയതെന്നത് തന്നെ സര്‍ക്കാരിനെതിരായ ശക്തമായ വിധിയെഴുത്തിനിടയിലും കോണ്‍ഗ്രസിന്‍റെ സംഘടന പരാജയം വിളിച്ചറിയിക്കുന്നതാണ്.
അതേ സമയം ദുര്‍ബലമായ സംഘടന സംവിധാനത്തെ ചിട്ടയായ മുന്നൊരുക്കത്തിലൂടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ബിജെപിക്കായതാണ് മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 3,11,779 വോട്ടുകളായി ഉയര്‍ത്താന്‍ ബിജെപിക്കായതെന്നതില്‍ തര്‍ക്കമില്ല. ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് മൂന്നാം സ്ഥാനത്താണ്. ഇവിടെ 52,448 വോട്ടുകള്‍ നേടി കേന്ദ്രമന്ത്രി വി മുരളീധരനാണ് ഒന്നാമത്. അടൂര്‍ പ്രകാശിന് മൂന്നാം സ്ഥാനം മാത്രമല്ല വി മുരളീധരനേക്കാള്‍ 10,442 വോട്ടിന് പിന്നിലാണ്.
കാട്ടാക്കട നിയമസഭ മണ്ഡലത്തിലും 47,834 വോട്ട് നേടി വി മുരളീധരന്‍ മുന്നിലെത്തി. ഇവിടെ 43,055 വോട്ട് നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് മൂന്നാമതും 41,716 വോട്ട് നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് മൂന്നാമതുമാണ്. ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലാണ് അടൂര്‍ പ്രകാശ് ഒന്നാമതെത്തിയത്. വി ജോയി നിയമസഭംഗമായ വര്‍ക്കലയില്‍ മാത്രമേ അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തെത്താനായുള്ളൂ.