കാസർകോട് : കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ദക്ഷിണ കന്നഡ അതിർത്തികളിൽ ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് പരിശോധന. തലപ്പാടി, ശാരദ്‌ക, ജാൽസൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ കോഴികളെയെത്തിക്കുന്ന വണ്ടികൾ നിരീക്ഷിക്കാൻ തുടങ്ങിയത്.
ദക്ഷിണ കന്നഡയിൽ നിന്ന് കേരളത്തിലേക്ക് കോഴിയിറച്ചി, കോഴി എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ തിരിച്ച് മടങ്ങുമ്പോൾ അതിർത്തികളിൽ നിന്ന് അണുവിമുക്തമാക്കുകയയും ചെയ്യും. തന്ത്രപ്രധാനമായ മൂന്ന് അതിർത്തികളിൽ ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണെന്ന് വെറ്ററിനറി ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുൺകുമാർ പറഞ്ഞു.
പക്ഷിപ്പനി ദേശാടന പക്ഷികളെയും ബാധിക്കാറുണ്ട്. വേനൽക്കാലമായതിനാൽ ഇത്തരം പക്ഷികൾ കുറവാണ്. വൈറസ് ബാധിച്ച കോഴികളിൽ നിന്ന് മറ്റ് പക്ഷികളിലേക്കും മനുഷ്യരിലേക്കുമാണ് പനി പകരുക. പക്ഷിപ്പനി ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പനി പകരില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷിപ്പനി നിയന്ത്രണ വിധേയമാകുംവരെ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.