കോഴിക്കോട് :പേരാമ്പ്രയിൽ നിർദിഷ്‌ട ബയോളജിക്കൽ പാർക്കിനായി വിശദമായ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വന്യജീവി വകുപ്പ് ആരംഭിച്ചു. നേരത്തെ പദ്ധതിക്കായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയിരുന്നു. വിശദമായ പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും സാങ്കേതികാനുമതി നേടുന്നതിനുമായി കൺസൾട്ടൻസിയെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ അനുമതി തേടിയിട്ടുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ടൈഗർ സഫാരി പാർക്കാണ് ബയോളജിക്കൽ പാർക്കെന്ന പേരിൽ സ്ഥാപിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി റെയ്ഞ്ചിലെ മുതുകാട് ഭാഗത്ത് ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്നതിന് കഴിഞ്ഞ നവംബർ 18-നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. പേരാമ്പ്ര റബർ എസ്റ്റേറ്റിന്‍റെ ഭാഗം പാർക്കിനായി വിട്ടുനൽകാൻ കഴിഞ്ഞ നവംബർ 25-ന് കൃഷി വകുപ്പ് തീരുമാനിച്ചത് പ്രകാരം സർവേ പൂർത്തീകരിച്ചു.
ടിക്കറ്റ് കൗണ്ടർ, പാർക്കിങ്, ഇൻഫർമേഷൻ സെന്‍റർ, ഓഫിസ് കെട്ടിടം, ജീവനക്കാർക്കുള്ള താമസ സൗകര്യം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, പാർക്ക്, ലഘു ഭക്ഷണശാല, സഫാരിക്കായുള്ള ഇടം, ആശുപത്രി സൗകര്യങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കേണ്ടത്. പാർക്കിങ്ങിനായി കണ്ടെത്തിയ ഭൂമി അൺറിസർവ്ഡ് ഫോറസ്റ്റായി രേഖപ്പെടുത്തി കഴിഞ്ഞു. 2009-ലെ മലബാർ വന്യജീവി സങ്കേതത്തിന്‍റെ വിജ്ഞാപന പ്രകാരം ഈ ഭൂമി വന്യജീവി സങ്കേതത്തിന്‍റെ അതിർത്തി വിവരണത്തിനുള്ളിലാണ്.