കേരളം

kerala

ETV Bharat / state

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കും ; വീടുകളില്‍ നിന്നും ശേഖരിക്കുന്നത് നിര്‍ത്താനൊരുങ്ങി തിരുവനന്തപുരം നഗരസഭ - Thiruvananthapuram Corporation

സ്വകാര്യ ഏജൻസികൾ വീടുകളിൽ നിന്ന് ജൈവ മാലിന്യം ശേഖരിക്കുന്നത് ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് തിരുവനന്തപുരം നഗരസഭ

ജൈവ മാലിന്യ സംസ്‌കരണം  തിരുവനന്തപുരം നഗരസഭ  Thiruvananthapuram Corporation  Bio Waste Management
Thiruvananthapuram Corporation Council about Bio Waste Management

By ETV Bharat Kerala Team

Published : Jan 28, 2024, 2:13 PM IST

തിരുവനന്തപുരം : ജൈവ മാലിന്യത്തിന്‍റെ ഉറവിട സംസ്‌കരണം (Bio Waste Management) പൂര്‍ണമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വീടുകളില്‍ നിന്നും മാലിന്യ ശേഖരണം നിര്‍ത്താനൊരുങ്ങി തിരുവനന്തപുരം നഗരസഭ (Thiruvananthapuram Corporation). ഘട്ടം ഘട്ടമായി സ്വകാര്യ ഏജന്‍സികള്‍ വീടുകളില്‍ നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തുമെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു പറഞ്ഞു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പരാമര്‍ശം.

നാല് ലക്ഷത്തോളം കുടുംബങ്ങളാണ് നഗരത്തില്‍ താമസം. ഇതില്‍ 50,000ത്തിലധികം വീടുകളില്‍ മാത്രമാണ് കിച്ചണ്‍ ബിന്നുകള്‍ വിതരണം ചെയ്‌തിട്ടുളളത്. ഇത് ഭാവിയില്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ. എന്നാല്‍ ജൈവ മാലിന്യ ശേഖരണം നിര്‍ത്തലാക്കുന്നതില്‍ പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളജിനും അയ്യങ്കാളി ഹാളിനും മുമ്പിലൂടെയുള്ള റോഡിന്‍റെ പണി പൂര്‍ത്തിയാകുമ്പോള്‍ മാനവീയം വീഥിക്ക് സമാനമായി നൈറ്റ് ലൈഫ് നടപ്പിലാക്കുന്നത് ഒഴിവാക്കണമെന്നും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലംഗങ്ങള്‍ ആവശ്യപ്പെട്ടു. കോളജ് വിദ്യാര്‍ഥികളുടെ പഠനവും റോഡിന് സമീപത്തെ പള്ളിയിലെ ആരാധനയെയും നൈറ്റ് ലൈഫ് ബാധിക്കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് പറഞ്ഞു.

നഗരസഭയുടെ പരിപാടികളില്‍ ശശി തരൂര്‍ എംപിയുടെ അസാന്നിധ്യവും ചര്‍ച്ചാവിഷയമായി. നഗരസഭയുടെ വികസന സെമിനാറിന്‍റെ നോട്ടീസില്‍ ശശി തരൂര്‍ എംപിയുടെ ഫോട്ടോ എ എ റഹീം എംപിയുടെ ഫോട്ടോയുടെ താഴെ നൽകിയതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പി പത്മകുമാര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായത്.

ABOUT THE AUTHOR

...view details