കോഴിക്കോട്:നൂറുക്കണക്കിന് ആളുകള്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌ത വയനാട് ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ നഷ്‌ടമായ വേദനയിലാണ് ബിഹാർ വൈശാലിയിലെ ഭഗവാൻപൂർ ഗ്രാമം. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലിചെയ്‌തിരുന്ന ആറ് ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ ഒരാൾ മരിക്കുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്‌തു. മൂന്ന് പേര്‍ ഇപ്പോഴും കാണാമറയത്താണ്.
ഗ്രാമവാസിയായ ഫൂല്‍കുമാരി ദേവിയാണ് (45) അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാദു പാസ്വാൻ (47), രഞ്ജിത് കുമാർ (22), ബിജിനസ് പാസ്വാൻ (40) എന്നീ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
മരിച്ച ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ മുഖേനയാണ് ദുരന്തവിവരം ബിഹാറിലെ ഗ്രാമവാസികൾ അറിഞ്ഞത്. ഭാഷതടസമായതിനാലും പ്രദേശത്ത് ദുരന്തസാഹചര്യം നിലനിന്നിരുന്നതിനാലും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പുവരുത്താനും കാണാതായ ബന്ധുക്കളെ തെരയാനും മരിച്ച അമ്മയുടെ അന്ത്യകർമങ്ങൾക്കായി സ്വദേശത്തേക്ക് മടങ്ങാനും രോസൻ കുമാറിന് യാതൊരു നിർവാഹവുമില്ലായിരുന്നു.
ജീവിതാവസാനം സ്വദേശത്തേക്ക് മടങ്ങണമെന്ന അമ്മയുടെ ആഗ്രഹം പൊലിഞ്ഞെങ്കിലും അന്ത്യകർമങ്ങൾ എങ്കിലും നാട്ടിലാക്കണമെന്ന ചിന്തയിലായിരുന്നു അദ്ദേഹം. എന്നാൽ കയ്യിലുള്ള സമ്പാദ്യവും വസ്‌തുക്കളും ദുരന്തത്തിൽ നഷ്‌ടപ്പെട്ടതോടെ ഇതിന് സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു. ഈ ദയനീയ സാഹചര്യം അറിഞ്ഞ ബിഹാറിലെ വൈശാലി എംഎൽഎ സിദ്ധാർഥ് പട്ടേൽ ബിഹാർ മർകസിലെ സാബിത്ത് നൂറാനിയുമായി ബന്ധപ്പെട്ടു.