കൊല്ലം:കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് ഓഫീസിൽ കുളിച്ച് പ്രതിഷേധിച്ചു. കൊല്ലം ജില്ലയിലെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ പേപ്പർമിൽ വാർഡംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ ഷിബുദ്ദീൻ വിളക്കുടിയാണ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തി കുളിച്ച് പ്രതിഷേധിച്ചത്. പഞ്ചായത്തിലെ ചില വാർഡുകൾ ഒഴിവാക്കി കുടിവെള്ളം വിതരണം ചെയ്യുന്നതിനെ തുടർന്ന് പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെളളം മുടങ്ങിയതായി പരാതി ഉയർന്നിരുന്നു.
രണ്ടാം വാർഡ് മെമ്പറിൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിൽ ക്രമക്കേടുകൾ നടത്തി യുഡിഎഫ്. മെമ്പർമാരുടെ വാർഡുകളിൽ മനഃപൂർവം കുടിവെള്ള വിതരണം തടസപ്പെടുത്തുന്നു എന്നാണ് പരാതിയിൽ ഉള്ളത്. കാഞ്ഞിരമല പോലെ ഉയർന്ന പ്രദേശമുള്ള ഷിബുദ്ദീൻ്റെ വാർഡിൽ ദിവസങ്ങളായി ജനങ്ങൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നിരവധി തവണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടി ആകാത്തതിനെ തുടർന്നാണ് ഷിബുദ്ദീൻ തൻ്റെ വാർഡിലെ ജനങ്ങളോടൊപ്പം എത്തി വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. മറ്റ് പഞ്ചായത്ത് അംഗങ്ങളായ ഷാഹുൽ കുന്നിക്കോട്, ആശ ബിജു, എസ്. ലതിക എന്നിവർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെയുണ്ടായിരുന്നു.