വയനാട്:മാനന്തവാടിയിൽ വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ കൂടൊരുക്കി താമസമാക്കി വിരുന്നെത്തിയ വെള്ളിമൂങ്ങകൾ. അഞ്ച് കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് മാനന്തവാടിയിലെ ഒഴക്കോടിയിലെ പാലക്കപറമ്പില്‍ ചിന്നപ്പന്‍റെ വീട്ടില്‍ വെള്ളിമൂങ്ങ കൂടൊരുക്കി താമസിക്കുന്നത്. നാട്ടുകാർക്ക് കൗതുക കാഴ്‌ചയായി മാറിയിരിക്കുകയാണ് ഈ വെള്ളിമൂങ്ങകൾ.
ഒരു മാസം മുമ്പാണ് വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്. ആദ്യമെല്ലാം വരവ് അപൂർവമായിരുന്നെങ്കിലും, പിന്നീട് സന്ധ്യാ സമയത്ത് സ്ഥിരമായി വെള്ളിമൂങ്ങയെ ആ തെങ്ങിൽ കണ്ടു തുടങ്ങി. പ്രദേശത്ത് വെളളിമൂങ്ങ വരാറുള്ള കാര്യം അവർ വനം വകുപ്പിൽ അറിയിച്ചു.
ഇതിനിടെ ഒരു മാസം മുമ്പ് ചിന്നപ്പന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ ദുർഗന്ധം പരന്ന് തുടങ്ങി. വീടും പറമ്പും മുഴുവനും പലതവണ വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ല. പിന്നീട് രാത്രിയിൽ പാമ്പിന്‍റേതിന് സമാനമായ ശബ്‌ദം കൂടി കേട്ട് തുടങ്ങിയതോടെ വീട്ടുകാരുടെ ഉറക്കവും പോയി.
ദുർഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ ആശങ്കപ്പെട്ട് നിൽക്കുമ്പോളാണ് ഒരു വെള്ളിമൂങ്ങ എലിയേയും കൊണ്ട് വീടിന്‍റെ സൺഷേഡിന്‍റെ മൂലയിലേക്ക് പറന്നു വരുന്നത് അവർ കാണുന്നത്. കുറച്ചു കഴിച്ച് ഒരു കോണി വെച്ച് കയറി നോക്കിയപ്പോൾ കണ്ടത് വെള്ളിമൂങ്ങയേയും തൂവൽ മുളച്ചു വരുന്ന അഞ്ച് കുഞ്ഞുങ്ങളേയുമാണ്.
വെള്ളിമൂങ്ങയെ സൂക്ഷിക്കുന്നതും വളര്‍ത്തുന്നതും എല്ലാം വന്യജീവി സംരക്ഷണ നിയമത്തിന് എതിരായതിനാല്‍ വീട്ടുകാര്‍ മാനന്തവാടി വനപാലകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലക സംഘം മൂങ്ങകള്‍ തീരെ ചെറിയതായതിനാലും, വീട്ടുകാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാത്തതിനാലും അവിടെ തന്നെ തുടരാന്‍ വിടുകയായിരുന്നു.