ഇടുക്കി :ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. യോഗത്തിൽ പങ്കെടുത്ത എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ബാറുടമകളുടെ സംഘടന ഇടുക്കി ജില്ല പ്രസിഡന്‍റ് അനിമോനിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അനിമോൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. യോഗത്തിന്‍റെ മിനിറ്റ്സും മറ്റ് വിവരങ്ങളും യോഗം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
ഇതിനിടെ സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഇന്നലെ ബാര്‍ ഉടമകളുടെ സംഘടന നേതാവ് അനിമോൻ ആരോപണത്തിൽ മലക്കംമറിഞ്ഞിരുന്നു. സംഘടനയ്ക്ക് കെട്ടിടം വാങ്ങാന്‍ വേണ്ടിയാണ് പണം പിരിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്.