മെക്‌സിക്കോ സിറ്റി: ഡെന്‍മാര്‍ക്കിന്‍റെ വിക്‌ടോറിയ കെയ്‌ര്‍ തീല്‍വിങ്ങിനെ 73മത് വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഡെന്‍മാര്‍ക്കില്‍ നിന്നൊരു സുന്ദരി ഈ കിരീടനേട്ടം കൈവരിക്കുന്നത്. 120ലേറെ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്ത സൗന്ദര്യ മത്സരം മെക്‌സിക്കോ സിറ്റിയിലെ അറീനയിലാണ് നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മിസ് നൈജീരിയ ചിദിമ അദെത്ഷിനയാണ് രണ്ടാം സ്ഥാനക്കാരി. മിസ് മെക്‌സിക്കോ മരിയ ഫെര്‍ണാണ്ട ബെല്‍ട്രന്‍ മൂന്നാമത്തെത്തി.
"ഡെന്‍മാര്‍ക്കിന് അഭിനന്ദനം, നമ്മുടെ 73മത് വിശ്വസുന്ദരിക്കും. ലോകമെമ്പാടുമുള്ള വനിതകളെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ക്കാകട്ടെ"- എന്നാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ അഭിനന്ദനക്കുറിപ്പ്.
വജ്ര വില്‍പ്പന വ്യവസായത്തില്‍ നില്‍ക്കുന്ന 21കാരിയായ വിക്‌ടോറിയ മൃഗസ്നേഹികൂടിയാണ്. 2023 ലെ വിശ്വസുന്ദരി നിക്കരഗ്വയില്‍ നിന്നുള്ള ഷെനിസ് പലേഷ്യോസ് പുതിയ വിശ്വസുന്ദരിക്ക് കിരീടം അണിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ റിയ സിന്‍ഹ ആദ്യമുപ്പത് പേരില്‍ ഇടംപിടിച്ചു. അതേസമയം മരിയാച്ചി സംഗീതജ്ഞരുടെ പ്രകടനത്തോടെയാണ് വിശ്വസുന്ദരി മത്സരത്തിന് തുടക്കമായത്. മെക്‌സിക്കാനയിലെ ബ്ലാക് ഐയ്‌ഡ് പീസ് ഗായകന്‍ ടാബുവും സംഘവും എമിലിയോ എസ്‌തഫാന്‍ ചിട്ടപ്പെടുത്തിയ ഗാനം അവതരിപ്പിച്ചു.
അമേരിക്കന്‍ നടന്‍ മരിയോ ലോപ്പസ്, 2012 വിശ്വസുന്ദരി ഒലിവിയ കല്‍പ്പോ, അവതാരക സുരി ഹള്‍, 2018ലെ വിശ്വ സുന്ദരി കത്രിയോന ഗ്രേ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. ഇത് മൂന്നാം തവണയാണ് മെക്‌സിക്കോ വിശ്വ സുന്ദരി മത്സരത്തിന് വേദിയാകുന്നത്. ബെലാറസ്, ഗയാന, എറിത്രിയ, മക്കാവൂ, മാലദ്വീപ്, മാല്‍ഡോവ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി മത്സരത്തിന് എത്തിയെന്ന പ്രത്യേകതയും ഇക്കുറി വിശ്വസുന്ദരി മത്സരത്തിനുണ്ടായിരുന്നു.
Also Read: 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 ' കിരീടം ചൂടി റിയ സിൻഹ