കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ പണയ സ്വർണ തട്ടിപ്പ് കേസിലെ ഇടനിലക്കാരന് വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. തമിഴ്‌നാട് തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടിയാണ് വടകര പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറച്ച് ഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കാർത്തിക് കേസിലെ രണ്ടാം പ്രതിയായത്.
ഇയാൾക്കു വേണ്ടി കേരള തമിഴ്‌നാട് പൊലീസ് ടീം തെരച്ചിൽ നടത്തിവരികയാണ്. കാർത്തിക് പറഞ്ഞതനുസരിച്ച് തിരുപ്പൂരിലെ ബാങ്കുകളിൽ പണയം വച്ചവർ ഇയാൾക്കെതിരെ അവിടുത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കേസുകളിലും കാർത്തിക് പ്രതിയാകും. ഇതിൽ നിന്നു രക്ഷപ്പെടാൻ കാർത്തിക് നൽകിയ മുൻകൂർ ജാമ്യഹർജി തിരുപ്പൂർ കോടതി തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുയാണ് പ്രതി.
വടകര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വര്‍ണത്തിൽ നാലര കിലോ സ്വർണം ഇയാൾ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയംവച്ചിരുന്നു. കാത്തലിക് സിറിയൻ ബാങ്കിന്‍റെ നാല് ശാഖകളിൽ നിന്നായി ഒന്നേമുക്കാൽ കിലോ സ്വർണവും കണ്ടെടുത്തിരുന്നു. നഷ്‌ടപ്പെട്ട 26.244 കിലോഗ്രാം സ്വർണത്തിൽ 7 കിലോ സ്വർണമാണ് ഇതുവരെ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും