തിരുവനന്തപുരം :ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും (Attukal pongala festival). ഫെബ്രുവരി 25നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല മഹോത്സവം. പതിവ് പോലെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഇത്തവണയുമുണ്ടാകും.
ഉത്സവത്തിന്‍റെ ഓരോ ദിവസത്തിന്‍റെ ചടങ്ങും അന്നത്തെ തോറ്റംപാട്ടിന്‍റെ കഥാഭാഗവും തമ്മില്‍ ബന്ധപ്പെട്ടതായിരിക്കും. തോറ്റം പാട്ടിന്‍റെ അകമ്പടിയോടെ ദേവിയെ കുടിയിരുത്തിയാണ് ഉത്സവവും ആരംഭിക്കുന്നത്. നാളെ (ഫെബ്രുവരി 17) രാവിലെ 8 മണിക്ക് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ശേഷമാകും ഉത്സവം ആരംഭിക്കുക.
തുടര്‍ന്ന് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അരങ്ങേറും. ശനിയാഴ്‌ച വൈകിട്ട് ആറ് മണിക്ക് ചലച്ചിത്ര താരം അനുശ്രീയാണ് പ്രധാന വേദിയിലെ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. ഇത്തവണ ആറ്റുകാല്‍ അംബ പുരസ്‌കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് നൽകും.
പൊങ്കാല ദിവസം രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുക. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് പൊങ്കാല ദേവിക്ക് നൈവേദ്യമായി നൽകും. പൊങ്കാല ദിവസം രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്തിന് ശേഷം തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോട് കൂടിയാകും ഉത്സവം കൊടിയിറങ്ങുക.
606 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ടത്തിനായി രജിസ്റ്റര്‍ ചെയ്‌തത്. അടുത്ത വര്‍ഷത്തേക്കുള്ള കുത്തിയോട്ടം രജിസ്‌ട്രേഷന്‍ ഈ വര്‍ഷം നവംബര്‍ 16നാകും ആരംഭിക്കുക. ഇത്തവണ 10 മുതല്‍ 12 വയസിന് ഇടയിലുള്ള ബാലന്മാര്‍ മാത്രമാകും കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുക.