കേരളം

kerala

ETV Bharat / state

യാഗശാലയായി അനന്തപുരി, ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ലക്ഷങ്ങള്‍ ; ഭക്തി സാഫല്യ നിറവ്

ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്‌ക്ക് തലസ്ഥാനനഗരിയിൽ ഭക്തിനിർഭരമായ തുടക്കം

Attukal Pongala 2024  Attukal Pongala will begin soon  Attukal Pongala history  ആറ്റുകാല്‍ പൊങ്കാല  പൊങ്കാല
Attukal Pongala

By ETV Bharat Kerala Team

Published : Feb 25, 2024, 9:30 AM IST

Updated : Feb 25, 2024, 12:31 PM IST

പൊങ്കാല

തിരുവനന്തപുരം :ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. ആറ്റുകാൽ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും പകർന്ന ദീപം മേൽശാന്തി ഗോശാല വിഷ്‌ണു വാസുദേവൻ നമ്പൂതിരിക്ക് കൈമാറി. 10:30ന് ക്ഷേത്ര നടയ്‌ക്ക് നേരെ ഒരുക്കിയ പണ്ടാരയടുപ്പിലേക്ക് മേൽശാന്തി തീ പകർന്നു.

ഇതോടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹത്തിനായി എത്തിയ ലക്ഷങ്ങൾക്ക് ഭക്തി സാഫല്യമായി. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവമാണ് ആറ്റുകാൽ പൊങ്കാല. ഭദ്രകാളി ക്ഷേത്രത്തിന് ചുറ്റും 10 -12 കിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാല നടക്കുന്നത്.

വെളളിയാഴ്‌ച മുതല്‍ തന്നെ നഗരത്തിലെ തെരുവുകളിലെല്ലാം ഭക്തര്‍ ഇടം പിടിച്ചിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയില്‍ തോറ്റം പാട്ടുകാര്‍ 'കണ്ണകി ചരിത്ര'ത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം വിവരിക്കുന്ന ഭാഗം പാടുന്നതാണ് ആദ്യ ചടങ്ങ്. പാട്ട് തീരുമ്പോഴാണ് തന്ത്രി കോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്‍കുക. ഉച്ചയ്‌ക്ക് 2.30ന് ഉച്ചപൂജയ്‌ക്ക് ശേഷം പൊങ്കാല നിവേദ്യം ആരംഭിക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന തന്ത്രിമാർ ഭക്തരുടെ പൊങ്കാല ദേവിക്ക് നിവേദിക്കും.

ക്ഷേത്രക്കാർ നിയോഗിച്ച ശാന്തിക്കാരാകും പൊങ്കാല നിവേദ്യം നടത്തുക. നിവേദ്യം കഴിയുന്നതോടെ പൊങ്കാല ചടങ്ങുകളും പൂർത്തിയാകും. നിവേദ്യ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടിയും നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് വലിയ സുരക്ഷ ക്രമീകരണങ്ങളാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.

അതേസമയം കേരളത്തിലെ തന്നെ ആദ്യത്തെ പൊങ്കാല ഉത്സവം കൂടി ആണിത്. ഇന്ന് സംസ്ഥാനത്തെ ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളിൽ ആറ്റുകാൽ പൊങ്കാലയെ മാതൃകയാക്കി പൊങ്കാല നടന്നുവരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിലും ഈ മഹോത്സവം ഇടംപിടിച്ചിരുന്നു.

1997 ഫെബ്രുവരി 23ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതോടെയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് പ്രകാരം 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു. ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമായാണ് പൊങ്കാല കണക്കാക്കപ്പെടുന്നത്.

ഇന്നത് പരാശക്തിയുടെ ഉപാസകരായ, ഹൈന്ദവ വിഭാഗത്തിന്‍റെ ജനകീയ ആരാധനാമാർഗമായും മാറി. അതുകൊണ്ടാണ് കേരളത്തിലെ ദുർഗ, ഭദ്രകാളി, ശ്രീപാർവതി, ഭുവനേശ്വരി, അന്നപൂർണേശ്വരി, ശ്രീകുരുംമ്പ, ഭഗവതി തുടങ്ങിയ പരാശക്തി ക്ഷേത്രങ്ങളിൽ ഇവ കൂടുതലായി ആചരിക്കപ്പെടുന്നത്.

Last Updated : Feb 25, 2024, 12:31 PM IST

ABOUT THE AUTHOR

...view details