കേരളം

kerala

ETV Bharat / state

ആറ്റിങ്ങല്‍.. വമ്പന്‍മാരെ അടിതെറ്റിച്ച പാരമ്പര്യം, അടൂര്‍ പ്രകാശിനെ വീഴ്ത്താന്‍ സിപിഎമ്മിന്‍റെ വി ജോയി

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങൾ ചേർന്ന ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം. ചിറയിന്‍കീഴ് പരകായ പ്രവേശം നടത്തിയ ആറ്റിങ്ങൽ മണ്ഡലത്തിന്‍റെ ചരിത്രം..

ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  attingal loksabha history  lok sabha election 2024  parliament election
Attingal Lok Sabha history

By ETV Bharat Kerala Team

Published : Feb 21, 2024, 5:41 PM IST

തിരുവനന്തപുരം:പടിഞ്ഞാറ് കയറും കായലും കടലും ഇഴചേര്‍ക്കുന്ന ശരാശരി മനുഷ്യരുടെ ജീവിതഭാവമാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിന്. കിഴക്കോട്ട് നീങ്ങിയാല്‍ അങ്ങ് അഗസ്ത്യന്‍റെ മടിത്തട്ടുമായി മുട്ടിയുരുമ്മും ഈ മണ്ഡലം. അറബിക്കടലും ചിറയിന്‍കീഴ് കായലും സഹ്യപര്‍വ്വതവും അതിരിടുന്ന ഈ മണ്ഡലം ആറ്റിങ്ങല്‍ എന്ന പേര് സ്വീകരിച്ചിട്ട് കഷ്‌ടിച്ച് ഒന്നര പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും 1952 മുതലുള്ള ചിറയിന്‍കീഴിന്‍റെ തനിപ്പകര്‍പ്പാണ്.

2019ലെ മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ ചില്ലറ മാറ്റങ്ങള്‍ വന്ന് ആറ്റിങ്ങലായെങ്കിലും അത് ചിറയിന്‍കീഴിന്‍റെ പരകായ പ്രവേശമാണെന്ന് വിശ്വസിക്കാനാണ് ഇവിടുത്തെ വോട്ടര്‍മാര്‍ക്കിഷ്‌ടം. മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ നിയമസഭ മണ്ഡലങ്ങളും മാറി മറിഞ്ഞപ്പോള്‍ ചിലത് പോയി ചിലത് വന്നെങ്കിലും മണ്ഡലത്തിന്‍റെ അടിസ്ഥാന ഭൂമി ശാസ്ത്രത്തിന് വലിയ ഇളക്കമുണ്ടായില്ല. അതുകൊണ്ട് തന്നെ ആറ്റിങ്ങലിന് ചിറയിന്‍കീഴിന്‍റെ തനി സ്വരൂപമാണ്.

അതിനാല്‍, പുതിയ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം അക്ഷരാര്‍ഥത്തില്‍ ചിറയിന്‍കീഴിന്‍റേതാണെന്ന് പറയാം. ഇടതുപക്ഷത്തോട് എക്കാലത്തും വ്യക്തമായ ആഭിമുഖ്യം പുലര്‍ത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിനെയും ഇവിടുത്തുകാര്‍ വാരിപ്പുണര്‍ന്നിട്ടുണ്ട്. എങ്കിലും മുന്‍ മുഖ്യമന്ത്രിയായ ആര്‍ ശങ്കറിനും തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നു പറവൂര്‍ ടി കെ നാരായണപിള്ളയ്‌ക്കും ചിറയിന്‍കീഴ് വാരിക്കുഴി തീര്‍ത്തിട്ടുണ്ട്.

കോണ്‍ഗ്രസിലെ കരുത്തന്‍മാരായിരുന്ന വയലാര്‍ രവിയെയും തലേക്കുന്നില്‍ ബഷീറിനെയും തലോടുകയും തല്ലുകയും ചെയ്‌ത പാരമ്പര്യമുണ്ട് പരമ്പരാഗത തൊഴിലാളികള്‍ക്ക് വ്യക്തമായ മുന്‍ തൂക്കമുള്ള ഈ മണ്ഡലം. 1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി കെ നാരായണപിള്ളയെ വീഴ്ത്തി വി പരമേശ്വരന്‍ നായര്‍ മണ്ഡലത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് എംപിയായി. 1957ലും 1962ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം കെ കുമാരന്‍ ചിറയിന്‍കീഴിന്‍റെ കമ്മ്യൂണിസ്റ്റ് കൊടി വാനിലുയര്‍ത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനു ശേഷം സിപിഐയും സിപിഎമ്മും ഒരുമിച്ച് ചേര്‍ന്ന് ഇടതുപക്ഷമായി മത്സരിച്ച തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയ കേരളത്തിന്‍റെ അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍ ശങ്കറിന് കാലിടറി. സിപിഎമ്മിലെ കെ അനിരുദ്ധനനോട് അദ്ദേഹം പരാജയപ്പെട്ടു.

കെ അനിരുദ്ധൻ
വർഷം വിജയി പാർട്ടി
1952 വി പരമേശ്വരന്‍ നായര്‍ ഇടതുപക്ഷ ഐക്യമുന്നണി
1957 എം കെ കുമാരന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
1962
1967 കെ അനിരുദ്ധൻ സിപിഎം
1971 വയലാര്‍ രവി കോണ്‍ഗ്രസ്
1977
1980 എ എ റഹീം കോണ്‍ഗ്രസ്
1984 തലേക്കുന്നില്‍ ബഷീര്‍ കോൺഗ്രസ്
1989
1991 സുശീല ഗോപാലന്‍ സിപിഎം
1996 എ സമ്പത്ത് സിപിഎം
1999 വര്‍ക്കല രാധാകൃഷ്‌ണൻ സിപിഎം
2004
2009 എ സമ്പത്ത് സിപിഎം
2014
2019 അടൂർ പ്രകാശ് കോൺഗ്രസ്

കോണ്‍ഗ്രസ് മണ്ഡലം അട്ടിമറിക്കുന്നു:1971 ലെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിറയിന്‍കീഴിലിറക്കിയത് അവരുടെ അക്കാലത്തെ യുവ തുര്‍ക്കിയായ വയലാര്‍ രവിയെ. യുവജന-വിദ്യാര്‍ഥി സമരമുഖങ്ങളിലെ നേതൃത്വം സൃഷ്‌ടിച്ച പ്രതിച്ഛായയില്‍ വയലാര്‍ രവി എന്ന കോണ്‍ഗ്രസിന്‍റെ യുവ തുര്‍ക്കിയുടെ പ്രഭാവത്തില്‍ ആദ്യമായി ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പതാക പാറി. സിപിഎമ്മിലെ വര്‍ക്കല രാധാകൃഷ്‌ണനെ വയലാര്‍ രവി പരാജയപ്പെടുത്തി.

വയലാർ രവി

അന്ന് സിപിഐ കോണ്‍ഗ്രസ് പാളയത്തിലും കോണ്‍ഗ്രസ് പിന്തുണയില്‍ സി അച്യുതമേനോന്‍ കേരളത്തില്‍ മുഖ്യമന്ത്രിയുമായിരുന്നു. അടിയന്തരവാവസ്ഥയ്ക്കു ശേഷം നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ ഒരുമിച്ച് നടന്ന വര്‍ഷമായിരുന്നു 1977. കോണ്‍ഗ്രസ് തരംഗം ലോക്‌സഭയിലും നിയമസഭയിലും ആഞ്ഞു വീശി.

കേരളത്തില്‍ സിപിഐ-കോണ്‍ഗ്രസ് മുന്നണിക്ക് ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ലഭിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ചിറയിന്‍കീഴില്‍ കെ അനിരുദ്ധനെ ഇറക്കി സിപിഎം നടത്തിയ ശ്രമം ഫലം കണ്ടില്ല. സിറ്റിംഗ് എംപി വയലാര്‍ രവി 60,925 വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി.

1979ല്‍ അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍പ്പിന് ശേഷം ഇന്ദിരാപക്ഷത്ത് നിന്ന് മാറി വയലാര്‍ രവി ദേവരാജ് അരശ് നയിച്ച കോണ്‍ഗ്രസ് യുവിന്‍റെ ഭാഗമായി. 1980ല്‍ കേരളത്തില്‍ എല്‍ഡിഎഫിന്‍റെ ഭാഗമായ കോണ്‍ഗ്രസ് യു സ്ഥാനാര്‍ഥിയായി വയലാര്‍ രവി ചിറയിന്‍കീഴില്‍ മൂന്നാമങ്കത്തിനിറങ്ങിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ എ റഹീമിനോട് പരാജയപ്പെട്ടു.

എ എ റഹീം

1984ല്‍ രാജ്യസഭ എംപിയായിരുന്നു തലേക്കുന്നില്‍ ബഷീറും സിപിഎമ്മിലെ സുധാകരനും തമ്മിലായിരുന്നു മത്സരം. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തില്‍ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് ഡല്‍ഹിയിലേക്ക് വണ്ടി കയറി. 1989ല്‍ സുശീല ഗോപാലനെ ഇറക്കി മണ്ഡലം പിടിക്കാന്‍ സിപിഎം ഒരു ശ്രമം നടത്തിയെങ്കിലും തലേക്കുന്നില്‍ ബഷീര്‍ മണ്ഡലം നിലനിര്‍ത്തി. പക്ഷേ, അപ്പോഴേക്കും കോണ്‍ഗ്രസിന്‍റെ നില പരുങ്ങലിലായി തുടങ്ങിയിരുന്നു.

തലേക്കുന്നിൽ ബഷീർ

1984ലെ 31,465 വോട്ട് എന്ന തലേക്കുന്നിലിന്‍റെ ഭൂരിപക്ഷം 1989ലെത്തിയപ്പോഴേക്കും വെറും 5,130ൽ എത്തിയിരുന്നു. 1991ല്‍ സംസ്ഥാനത്തുടനീളം രാജീവ് ഗാന്ധിയുടെ കെലപാതകം സൃഷ്‌ടിച്ച സഹതാപ തരംഗം ആഞ്ഞുവീശിയിട്ടും സിറ്റിങ് എംപി തലേക്കുന്നില്‍ ബഷീറിന് വിജയിക്കാനായില്ല. തന്‍റെ രണ്ടാമങ്കത്തില്‍ ഒട്ടകം സൂചിക്കുഴ കടക്കും പോലെ വെറും 1,106 വോട്ടുകള്‍ക്ക് സുശീല ഗോപാലന്‍ ചിറയിന്‍കീഴ് പിടിച്ചെടുത്തു. 1971 മുതലുള്ള കോണ്‍ഗ്രസ് തേരോട്ടത്തിന് അവിടെ താല്‍ക്കാലിക വിരാമമാകുകയായികുന്നു.

സുശീല ഗോപാലൻ

1996ല്‍ സിപിഎം രംഗത്തിറക്കിയ യുവ പുതുമുഖ സ്ഥാനാര്‍ഥി എ സമ്പത്ത് എല്‍ഡിഎഫിന് വേണ്ടി അമ്പരപ്പിക്കുന്ന വിജയം നേടി. കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീറിനെ അദ്ദേഹം 48,803 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയാക്കി വീണ്ടുമുയര്‍ത്തി. 1998ല്‍ സിപിഎമ്മിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് സിറ്റിങ് എംപി സമ്പത്തിന് സിപിഎം സീറ്റ് നിഷേധിച്ചു.

എ സമ്പത്ത്

കേരള നിയമസഭ മുന്‍ സ്‌പീക്കറും ചിറയിന്‍കീഴിന്‍റെ സ്വന്തം പുത്രനുമായ വര്‍ക്കല രാധാകൃഷ്‌ണന്‍ കോണ്‍ഗ്രസിലെ എംഎം ഹസനെ പരാജയപ്പെടുത്തി. 1999ല്‍ കരുത്തനായ എംഐ ഷാനവാസിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയെങ്കിലും ശക്തമായി പൊരുതി അദ്ദേഹവും എല്‍ഡിഎഫ് കോട്ടയില്‍ കാലിടറി വീണു. സിറ്റിംഗ് എംപി വര്‍ക്കല രാധാകൃഷ്‌ണന് 3128 വോട്ടിന്‍റെ ജയം.

വർക്കല രാധാകൃഷ്‌ണൻ

2004ല്‍ വീണ്ടും 1999ന്‍റെ തനിയാവര്‍ത്തനമുണ്ടായെങ്കിലും വര്‍ക്കല രാധാകൃഷ്‌ണൻ 50,745 വോട്ടിന്‍റെ ആധികാരിക ജയം എംഐ ഷാനവാസിനെതിരെ നേടുകയായിരുന്നു. 2009ല്‍ ചിറയിന്‍കീഴ് മണ്ഡലം ആറ്റിങ്ങല്‍ മണ്ഡലമായി രൂപം മാറി കഴിഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലമായതിന് ശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും സിപിഎം എ സമ്പത്തിനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്തി. 2014ലും സമ്പത്ത് വിജയം തുടര്‍ന്നു.

എ സമ്പത്ത്

2019ല്‍ കഥ മാറി. മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിനെ രംഗത്തിറക്കി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 38,247 വോട്ടുകള്‍ക്ക് സമ്പത്തിനെ അടൂര്‍ പ്രകാശ് മലര്‍ത്തിയടിച്ചു. 28 വര്‍ഷം നീണ്ട എല്‍ഡിഎഫ് കുത്തകയ്ക്ക് അങ്ങനെ തിരശീല വീണു.

അടൂർ പ്രകാശ്

ബിജെപി അത്ഭുതപ്പെടുത്തിയ 2019:ശരാശരി 10 ശതമാനം വോട്ട് മാത്രം നേടി മണ്ഡലത്തില്‍ വെറും സാന്നിധ്യം മാത്രമായിരുന്ന ബിജെപി മണ്ഡല ചരിത്രത്തിലാദ്യമായി 2,48,081 വോട്ടും ആകെ പോള്‍ ചെയ്‌തതിന്‍റെ 24.7 ശതമാനം വോട്ടും നേടിയ തെരഞ്ഞെടുപ്പായിരുന്നു 2019. ശബരിമല യുവതി പ്രവേശന വിധിക്കെതിരായ ജനരോഷമാണ് ബിജെപിക്ക് ഇത്രയേറെ വോട്ട് നേടിക്കൊടുത്തതും സിപിഎമ്മിന്‍റെ കനത്ത പരാജയത്തിനിടയാക്കിയതും.

ചിറയിന്‍കീഴില്‍ ബിജെപി മത്സര രംഗത്ത് വരുന്നത് 1989 മുതലാണ്. ആദ്യമത്സരത്തില്‍ 3.8 ശതമാനം വോട്ടാണ് നേടാനായത്. 1991ല്‍ 2.91 ശതമാനമായി വോട്ട് വിഹിതം കുറഞ്ഞു. 1996ല്‍ 4.46 ശതമാനവും 1998ല്‍ 6.85 ശതമാനവും 9.32 ശതമാനമായും 2004ല്‍ 10.75 ശതമാനമായും വര്‍ധിച്ചു.

2009ല്‍ ആറ്റിങ്ങല്‍ മണ്ഡലമായപ്പോള്‍ 6.61 ശതമാനമായി കുത്തനെ താണു. 2014ല്‍ 10.5 ശതമാനമായി വീണ്ടുമുയര്‍ന്നു. പക്ഷേ 2019ല്‍ ബിജെപി നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് ശോഭ സുരേന്ദ്രന്‍ 24.7 ശതമാനം വോട്ടു വിഹിതവും 2,48,081 വോട്ടും നേടിയത്.

അടൂര്‍ പ്രകാശിനെ വീഴ്ത്താനാര്? 2019ല്‍ സിപിഎമ്മിന്‍റെ കുത്തക തകര്‍ത്ത അടൂര്‍ പ്രകാശ് തന്നെ വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അടൂര്‍ പ്രകാശിന്‍റെ ജനകീയത തന്നെയാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ കാണുന്ന ഏറ്റവും വലിയ അനുകൂല ഘടകം. അതുകൊണ്ടുതന്നെ ആഞ്ഞുപിടിച്ചാല്‍ ഒരു തവണ കൂടി അനായാസ ജയം നേടാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.

അടൂർ പ്രകാശ്

ശക്തമായ ഇടതുകോട്ടയായ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെതിരെ ആരെ ഇറക്കാമെന്ന ആലോചനയിലാണ് സിപിഎം. രാജ്യസഭ എംപി എഎ റഹീം, വര്‍ക്കല എംഎല്‍എയും സിപിഎം ജില്ല സെക്രട്ടറിയുമായ വി ജോയി എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ പേരുകള്‍ക്കപ്പുറത്ത് അപ്രതീക്ഷിതമായി പുതുമുഖ സ്ഥാനാര്‍ഥിയെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട.

ABOUT THE AUTHOR

...view details