കൊല്ലം : പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ (എ പി പി) അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എ പി പി ശ്യാം കൃഷ്‌ണ, ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്‌ദുൽ ജലീൽ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം.
അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്ന് ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരി 21ന് ആണ് അനീഷ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേലധികാരിയിൽ നിന്നും സഹപ്രവർത്തകനിൽ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കൾക്കും പരവൂരിലെ മജിസ്ട്രേറ്റിനും മരിക്കുന്നതിന് മുൻപ് അനീഷ്യ ശബ്‌ദ സന്ദേശം അയച്ചിരുന്നു.