കേരളം

kerala

ETV Bharat / state

ശശി തരൂരിന് 55 കോടിയുടെ സ്വത്ത്; പ്രധാന വരുമാന മാര്‍ഗം പ്രസംഗത്തില്‍ നിന്നുള്ള പ്രതിഫലം - Assets of Shashi Tharoor - ASSETS OF SHASHI THAROOR

ശശി തരൂരിന്‍റെ ആകെ സ്വത്ത് ഏകദേശം 56 കോടി രൂപ. കയ്യില്‍ പണമായുള്ളത് 36,000 രൂപ മാത്രം. തരൂര്‍ ആസ്‌തി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം.

SHASHI THAROOR ASSETS  SHASHI THAROOR  LOKSABHA ELECTION 2024  SHASHI THAROOR DETAILS
Asset details of Shashi Tharoor

By ETV Bharat Kerala Team

Published : Apr 3, 2024, 9:27 PM IST

തിരുവനന്തപുരം :നാലാമങ്കത്തിനിറങ്ങുന്ന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ ആകെ സ്വത്ത് ഏകദേശം 56 കോടി രൂപ. 49.31 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 6.66 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്, ആകെ 55.98 കോടി രൂപ. ഇന്ന് (03-04-2024) സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമാണ് ആസ്‌തി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അദ്ദേഹത്തിന്‍റെ കയ്യില്‍ പണമായുള്ളത് 36,000 രൂപ മാത്രമാണ്. ഡല്‍ഹിയിലെ വിവിധ ബാങ്കുകളിലും തലസ്ഥാനത്തെ ബാങ്കുകളിലും അദ്ദേഹത്തിന് സ്ഥിര നിക്ഷേപവും നിക്ഷേപത്തിന് പുറമേ, ബഹറൈനില്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ 3.36 കോടി രൂപയുടെയും അമേരിക്കയിലെ ന്യൂ ജേഴ്‌സി ബാങ്ക് ഓഫ് ന്യൂയോര്‍ക്കില്‍ 22,85,001 ലക്ഷം രൂപയുടെയും, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനയുടെ ഫെഡല്‍ ക്രെഡിറ്റ് യൂണിയനില്‍ രണ്ട് അക്കൗണ്ടുകളിലായി 1.17 കോടി രൂപയുടെയും നിക്ഷേപമുണ്ട്.

ഇന്ത്യിലെ 31 കമ്പനികളുടെയും വിദേശത്തെ 7 കമ്പനികളുടെയും ഓഹരികളിലും കടപ്പത്രങ്ങളിലുമായി 16.49 കോടി രൂപയുടെ നിക്ഷേപമുണ്ട്. 7.68 ലക്ഷം രൂപ വിലയുള്ള 2016 മോഡല്‍ മാരുതി സിയാസ് കാറും 15 ലക്ഷം രൂപ വിലപിടിപ്പുള്ള മാരുതി എക്‌സ്എല്‍ 6, 2020 മോഡല്‍ കാറുമാണ് അദ്ദേഹത്തിന് സ്വന്തമായുള്ള വാഹനങ്ങള്‍.

32 ലക്ഷം രൂപ വിലപിടിപ്പുള്ള 534 ഗ്രാം സ്വര്‍ണം കൈവശമുണ്ട്. ഇതെല്ലാം കൂടി ആകെ 49,31, 51,505 കോടി രൂപയുടെ ജംഗമ വസ്‌തുക്കള്‍ തരൂരിനുണ്ട്. പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ എലവഞ്ചേരി വില്ലേജില്‍ 63 സെന്‍റ് കൃഷി ഭൂമിയുടെ കമ്പോളവില 1,56,875 രൂപയാണ്.

തിരുവനന്തപുരം ശാസ്‌തമംഗലം വില്ലേജില്‍ രണ്ട് സര്‍വ്വേ നമ്പരുകളിലായുള്ള 25 സെന്‍റ് വസ്‌തുവിന്‍റെ കമ്പോള വില 6.20 കോടി രൂപയാണ്. വഴുതക്കാട് അദ്ദേഹം താമസിക്കുന്ന 1954.24 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള കോണ്ടോര്‍ മാരിഗോള്‍ഡ് ഫ്ലാറ്റിന് 45 ലക്ഷം രൂപയാണ് മതിപ്പു വില. അദ്ദേഹത്തിന് ബാദ്ധ്യതകളൊന്നുമില്ല.

9 ക്രിമിനല്‍ കേസുകള്‍:ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9 ക്രിമിനല്‍ കേസുകളാണ് തരൂരിനെതിരെ നിലവിലുള്ളത്. ഇതെല്ലാം വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്‍റെ പേരിലാണ്. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ, മദ്ധ്യപ്രദേശിലെ മൗട്ടായി, സര്‍ണി, മിഷ്‌റോഡ്, ശിവപുര്‍ പൊലീസ് സ്‌റ്റേഷനുകള്‍, ഹരിയാനയിലെ ഗുരുഗ്രാം, കര്‍ണാടകത്തിലെ പരപ്പന അഗ്രഹാര, തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനുകളിലുമാണ് തരൂരിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.

ഉന്നത ബിരുദങ്ങള്‍ നിരവധി:1971 ല്‍ കൊല്‍ക്കത്ത സെന്‍റ് സേവ്യേഴ്‌സ് കൊളിജീയേറ്റ് ഹൈസ്‌കൂളില്‍ നിന്ന് ഐഎസ്‌സി നേടി. അതിന് ശേഷം ഡല്‍ഹി സെന്‍റ് സ്‌റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിഎ ഹിസ്‌റ്ററിയില്‍ ഓണേഴ്‌സ് ബിരുദവും അമേരിക്കയിലെ ടഫ്‌ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സില്‍ എംഎയും അവിടെനിന്നുതന്നെ ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ എംഎയും, ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ പിഎച്ച്ഡിയും, അമേരിക്കയിലെ പുജെറ്റ് സൗണ്ട് സര്‍വ്വകലാശാലയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്‌ടര്‍ ഓഫ് ലെറ്റേഴ്‌സും, റൊമാനിയയിലെ ബുക്കാറസ്‌റ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഹിസ്‌റ്ററിയില്‍ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്.

മുഖ്യ വരുമാന മാര്‍ഗങ്ങള്‍:എംപി എന്ന നിലയിലുള്ള ശമ്പളം, ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നുള്ള പെന്‍ഷന്‍, പുസ്‌കങ്ങള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കുള്ള വരുമാനം, റോയല്‍റ്റി, പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫലം എന്നിവയാണ് തരൂരിന്‍റെ മുഖ്യ വരുമാന മാര്‍ഗങ്ങള്‍.

Also Read :രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 1,02,78,680 രൂപ; 18 ക്രിമിനല്‍ കേസുകളില്‍ പ്രതി; സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഇങ്ങനെ

ABOUT THE AUTHOR

...view details