തിരുവനന്തപുരം : 1986 മാര്‍ച്ച് 6ന് അന്നത്തെ കേരളകൗമുദി ദിനപത്രത്തിന്‍റെ കോഴിക്കോട് എഡിഷനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. സൈലന്‍റെ വാലി അടക്കമുള്ള പദ്ധതികള്‍ക്കെതിരായി കേരളത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തു വന്ന കാലം. തികച്ചും പാരിസ്ഥിതികവും ചിന്തോദ്ദീപകവുമായ ആ ലേഖനം 38 വര്‍ഷത്തിനു ശേഷം സംഭവിക്കാനിരിക്കുന്ന ഒരു വന്‍ ദുരന്തത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്ന് അന്ന് അതു വായിച്ച ആരും കരുതിയിരിക്കില്ല. പക്ഷേ ഇന്ന് ഏകദേശം 300 ഓളം പേരുടെ ജിവനെടുത്ത ഒരു മഹാദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അതേ നാടിനെ കുറിച്ചുള്ളതായിരുന്നു ലേഖനം.
ലേഖനത്തിന്‍റെ തലക്കെട്ട് ഇങ്ങനെയായിരുന്നു, 'ചൂരല്‍മലയെ രക്ഷിക്കണം'. അതേ ഒട്ടും സംശയിക്കേണ്ടതില്ല, ഇന്ന് കണ്ണീര്‍ ഭൂമിയായി മാറിയ ചൂരല്‍മല തന്നെ. ലേഖനമെഴുതിയതാകട്ടെ, അന്ന് കല്‍പ്പറ്റ ഗവ. കോളജിലെ മലയാളം അധ്യാപകനും തിരുവനന്തപുരം നഗരൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. ഗോപിനാഥന്‍.
ചൂരല്‍മലയിലേക്ക് എത്തുന്നത് :1984 ലാണ് പ്രൊഫ. ഗോപിനാഥന്‍ കല്‍പ്പറ്റ ഗവ. കോളജില്‍ അധ്യാപകനായെത്തുന്നത്. എന്നാല്‍ വയനാടുമായി ഗോപിനാഥന്‍റെ ബന്ധം അതിനു മുന്‍പേ ആരംഭിച്ചിരിന്നു. വസന്തത്തിന്‍റെ ഇടിമുഴക്കം പ്രതീക്ഷിച്ച് ചെറുപ്പത്തിലേ നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്‌ടനായ അദ്ദേഹം നക്‌സല്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വയനാട്ടില്‍ പല കുറി സഞ്ചരിച്ചിട്ടുണ്ട്.
ചൂരല്‍മല പ്രദേശം അദ്ദേഹത്തിന്‍റെ ശ്രദ്ധയിലേക്ക് വരുന്നത് നക്‌സലിസമൊക്കെ കുടഞ്ഞെറിഞ്ഞ് കല്‍പ്പറ്റ കോളജില്‍ അധ്യാപകനായെത്തിയ ശേഷമായിരുന്നു. അക്കാലത്ത് ഇന്നത്തെ ദുരിത ഭൂമിയായ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുട്ടികള്‍ കോളജില്‍ വിദ്യാര്‍ഥികളായുണ്ടായിരുന്നു. അന്ന് ഈ മേഖല ഒരു തോട്ടം മേഖലയായിരുന്നു. തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കളായിരുന്നു വിദ്യാര്‍ഥികളില്‍ അധികവും.
ഈ കുട്ടികള്‍ മിക്ക ദിവസങ്ങളിലും കോളജിലെത്തിയിരുന്നില്ല. അതിന്‍റെ കാരണം വിദ്യാര്‍ഥികളോട് അന്വേഷിച്ചപ്പോഴാണ് ബസില്ലാത്തതു കൊണ്ടാണ് കോളജിലെത്താന്‍ കഴിയാത്തതെന്ന വിവരം കുട്ടികള്‍ പറയുന്നത്. ഇവിടേക്ക് ഒരു റോഡ് മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ഇവരാകട്ടെ പലപ്പോഴും ദുര്‍ഘടമായ ചൂരല്‍മലയെ ഒഴിവാക്കി മേപ്പാടിയിലെത്തി മടങ്ങിപ്പോകുന്നതാണ് പ്രശ്‌നമെന്ന് മനസിലായി.
അങ്ങനെ ഒരു ദിവസം ചൂരല്‍മലയിലേക്കു പോകാന്‍ ഗോപിനാഥന്‍ തീരുമാനിച്ചു. ഏതാനും അധ്യാപകരെയും കൂട്ടി ഒരു ജീപ്പില്‍ ചൂരല്‍മലയിലെത്തി കാര്യങ്ങള്‍ മനസിലാക്കി. അവിടെയെത്തിയപ്പോഴാണ് ചൂരല്‍മലയുടെ മനോഹാരിത നേരിട്ടു മനസിലാക്കുന്നത്. പകല്‍ സമയത്തു പോലും സദാ തഴുകിയെത്തുന്ന നനുത്ത കാറ്റ് ഉണര്‍ത്തുന്ന വല്ലാത്ത അനുഭൂതി.
ചൂരല്‍മലയെ തഴുകി കടന്നു പോകുന്ന ആറ്റിലെ വെള്ളത്തിനാകട്ടെ സ്‌ഫടിക നൈര്‍മല്യം. ദൃശ്യവശ്യമായ മലനിരകള്‍. വീണ്ടും വീണ്ടും നമ്മെ ഈ പ്രദേശത്തേക്ക് പിടിച്ചു വലിക്കുന്ന എന്തോ ഒരു അദൃശ്യ അനുഭൂതി ഈ പ്രദേശത്തിനുണ്ടായിരുന്നു. അങ്ങനെ കല്‍പ്പറ്റയില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരം കാല്‍നടയായി പല വട്ടം ചൂരല്‍മലയിലെത്തി. അന്ന് തോട്ടം തൊഴിലാളി ലയങ്ങളായിരുന്നു അധികവും.
പുറത്തു നിന്നുള്ള മനുഷ്യ സാന്നിധ്യം അധികമായി ഇവിടേക്ക് എത്തിയിരുന്നില്ല. ഈ പ്രദേശത്ത് അന്ന് തന്നെ ദുരന്തം ചൂഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു. ഗോപിനാഥന്‍ അവിടേക്കെത്തുന്നതിനു മുന്‍പ് 1984ല്‍ മുണ്ടക്കൈയില്‍ ഇന്ന് ഉരുള്‍പൊട്ടലുണ്ടായിടത്തു നിന്നു ഏതാനും കിലോമീറ്റര്‍ താഴേക്കുമാറി ഒരു ഉരുള്‍പൊട്ടലുണ്ടായി. ഏകദേശം 8 പേര്‍ മരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്രയേറെ പ്രകൃതി ലോലവും മനോഹരവുമായ ഈ പ്രദേശം സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത മനസില്‍ വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലേഖനമെഴുതി കേരള കൗമുദിക്കയച്ചു കൊടുത്തു.
എന്നാല്‍ അതിനും മുന്‍പേ 1984ല്‍ 'ചൂരല്‍മലയില്‍' എന്ന പേരില്‍ ചൂരല്‍മലയെ കുറിച്ച് ഒരു കവിതയും ഗോപിനാഥന്‍ രചിച്ചിട്ടുണ്ട്. ഇതും കേരള കൗമുദി വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൂരല്‍മലയ്ക്കു സമീപത്തെ മുണ്ടക്കൈ, വെള്ളരിമല എന്നിവിടങ്ങളിലൂടെ വെറും 8 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ നിലമ്പൂരിലെത്താമെന്ന് അദ്ദേഹം പറയുന്നു. താന്‍ 38 വര്‍ഷം മുന്‍പ് ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകളെ കുറിച്ചു പറഞ്ഞത് യാഥാര്‍ഥ്യമായതിനെ തികച്ചും യാദൃച്ഛികമായ ഒരു സംഭവമായാണ് പ്രൊഫ. ഗോപിനാഥന്‍ കാണുന്നത്.
എന്നാല്‍ താന്‍ ഹൃദയത്തോട് എക്കാലവും ചേര്‍ത്തു നിര്‍ത്തിയ ഒരു പ്രദേശം അപ്പാടെ അടര്‍ന്നു പോയതിനുമപ്പുറം ഇത്രയേറെ മനുഷ്യ ജീവനുകള്‍ നഷ്‌ടപ്പെട്ടതിന്‍റെ വേദന അടക്കാനാകില്ലെന്ന് ഇപ്പോള്‍ വട്ടിയൂര്‍കാവ് നേതാജി റോഡില്‍ താമസിക്കുന്ന ഗോപിനാഥന്‍ ഇടിവി ഭാരതിനോടു പറഞ്ഞു.
Also Read:ചൂരല്‍മല ഉരുള്‍പൊട്ടല്‍; രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ - Pinarayi Vijayan visit chooralmala