കേരളം

kerala

ETV Bharat / state

'സ്വർണം പൊട്ടിക്കൽ' പോലൊരു 'മരം പൊട്ടിക്കല്‍', മരം കൊള്ളയുടെ ആറളം മോഡല്‍ - ARALAM FARM TREE THEFT

ഫാമിനോട് അടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് കൂറ്റൻ ആഞ്ഞിലിത്തടികള്‍ കണ്ടെത്തിയത്.

IRITTY ARALAM FARM  ILLEGAL TREE FELLING  KANNUR NEWS  ആറളം ഫാം മരം കൊള്ള
Anjili Wood (ETV Bharat)

By ETV Bharat Kerala Team

Published : Oct 11, 2024, 5:50 PM IST

കണ്ണൂർ :ആറളം ഫാമിലെ മരം മുറി പരിശോധിക്കാൻ കൃഷിയിടത്തിൽ ഫാം മാനേജ്‌മെന്‍റ് നിയോഗിച്ച ആദിവാസി വിഭാഗത്തിൽപെടുന്ന ഫാമിലെ സ്ഥിരം തൊഴിലാളിയായ സി ബാബുവിന് ഇന്നും എല്ലാ ഫോൺ കോളുകളും എടുക്കാൻ ഭയമാണ്. സ്വർണക്കടത്ത് മാഫിയ പോലെ വൻകിട മരം കൊള്ളക്കാർ ഫാമിൽ നിന്ന് പാഴ്‌മരങ്ങൾക്കൊപ്പം വൻ മരങ്ങൾ കടത്തുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംഘത്തിൽപ്പെട്ട രണ്ടുപേരെ നീരീക്ഷിച്ചതിന്‍റെ ഫലം ആണത്. വാഹനവുമായി ഫാമിലെത്തിയ ഇവർ ആദ്യം ചെയ്‌തത് മരം മുറിയുടെ ദൃശ്യം ഫോണിൽ പകർത്തിയെടുക്കുകയായിരുന്നു.

മരം മുറി ഏറ്റെടുത്ത കരാറുകാരുമായി കച്ചവടം ഉറപ്പിക്കുന്നതിന്‍റെ മുന്നോടിയായിരുന്നു അത്. സ്ഥലത്തെത്തിയ കരാറുകാരോട് ആദ്യം 10 ലക്ഷം രൂപയോ അതിന് സമാനമായ മരത്തടിയോ ആവശ്യപ്പെടുന്നു. പാവപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞതായിരുന്നു എന്നാണ് ബാബു മനസിലാക്കിയത്.

ആറളം ഫാമിന് സമീപത്ത് കണ്ടെത്തിയ ആഞ്ഞിലിത്തടികള്‍ (ETV Bharat)

വിലപേശലിനൊടുവിൽ ആറ് ലക്ഷത്തിലേക്കും പിന്നീട് അത് 100 ചാക്ക് സിമന്‍റിലേക്കും ഒതുങ്ങി. അതിനിടയിൽ ആണ് മരം മുറി പരിശോധിക്കുവാൻ ബാബു അവിടെ എത്തുന്നത്. അവരുടെ ദൃശ്യങ്ങളും വാഹനവും ഫോണിൽ പകർത്താൻ ശ്രമിച്ചു. അത് കണ്ട സംഘത്തിൽപെട്ടവർ ബാബുവിനെ മർദിച്ച് അവശനാക്കി. ബാബുവിനെ സഹ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് ആറളം പൊലീസിൽ പരാതി നൽകിയിട്ട് രണ്ടുമാസമായി.

ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യുകയോ ബാബുവിന്‍റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വി ശോഭ പറഞ്ഞു. നട്ടെല്ലിനെ ബാധിച്ച അസുഖം മൂലം ഒന്നര വർഷത്തോളം ചികിത്സയിലായിരുന്ന ബാബു കുറച്ചുകാലം മുൻപായിരുന്നു വീണ്ടും ജോലിയിൽ പ്രവേശിച്ചത്.

മരം കൊള്ള, ആരോപണം ഇങ്ങനെ :മരം മുറിയെ കുറിച്ച് ശോഭ പറയുന്നത് ഇങ്ങനെ… പുനർ കൃഷിയുടെ ഭാഗമായാണ് ആറളം ഫാമിൽ 1500 ഏക്കറിൽ കൈതച്ചക്ക കൃഷി ചെയ്യാൻ ടെൻഡർ വിളിച്ചത്. സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുക്കുന്നതിന്‍റെ ഭാഗമായാണ് കൃഷിയിടത്തിലെ പാഴ് മരങ്ങളും കശുമാവുകളും മുറിക്കാൻ ഉത്തരവുണ്ടായത്.

എന്നാൽ, ഇതിന്‍റെ മറവിൽ ആറളം ഫാമിൽ ഉണ്ടായത് വൻ മരം കൊള്ളായാണെന്ന് ശോഭ പറയുന്നു. 1500 ഘന മീറ്റർ പാഴ്‌മരങ്ങൾ, പുനർകൃഷിക്ക് തടസമായി നിൽക്കുന്ന 60 ഘനമീറ്റർ ആഞ്ഞിലി, മരം ഒന്നിന് 2900 രൂപ നിരക്കിൽ 900 കശുമാവ് തടികൾ എന്നിവ മുറിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ, ഇതിന്‍റെ മറവിൽ ആണ് വർഷങ്ങൾ പ്രായമുള്ള കൂറ്റൻ ആഞ്ഞിലി മരങ്ങളും സംരക്ഷിത മരങ്ങളും മുറിച്ചു കടത്തിയത്.

പാഴ് മരങ്ങളുടെ മറവിൽ ആറളം ഫാമിൽ നിന്നും മുറിച്ചത് ലക്ഷക്കണക്കിന് രൂപ വരുന്ന കൂറ്റൻ ആഞ്ഞിലി മരങ്ങളാണെന്നും ശോഭ പറഞ്ഞു. മരം മുറി നടന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റര്‍ മാറി ഫാമിന്‍റെ കൃഷിയിടത്തിൽ ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത് നൂറുകണക്കിന് കൂറ്റൻ ആഞ്ഞിലിത്തടികളായിരുന്നു എന്നും ഇവർ ദൃശ്യങ്ങൾ കാട്ടി പറയുന്നു.

പരാതി ഉയർന്നതോടെ വനം വകുപ്പ് അധികൃതർ മരങ്ങൾ സുരക്ഷിത താവളത്തിലേക്ക് മാറ്റുകയായിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് മരം മുറി സംബന്ധിച്ച് ജില്ല ഭരണകൂടവും വനംവകുപ്പും വിജിലൻസും പൊലീസും അന്വേഷണം നടത്തിയെങ്കിലും ആറ് മാസം മുൻപ് നടന്നതിനാൽ തെളിവുകൾ ശേഖരിക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു. ഇതിനിടയിലാണ് കൂറ്റൻ മരത്തടികൾ ഫാമിനടുത്തുള്ള സ്ഥലത്ത് കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇവയാണ് വനം വകുപ്പ് ഇടപെട്ട് സ്ഥലത്ത് നിന്ന് മാറ്റിയത്.

മരക്കുറ്റികൾക്ക് മുകളിൽ മണ്ണ്, ഒളിച്ചു വയ്ക്കാൻ വിവിധ മാർഗങ്ങൾ :മുറിച്ച മരങ്ങൾ കൃഷിയിടത്തിൽ നിന്ന് കടത്തി മരക്കുറ്റികൾ മണ്ണിട്ട് മൂടിയാണ് തെളിവുകൾ മാറ്റിയതെന്നാണ് ആരോപണം. ഇങ്ങനെ മണ്ണിട്ടാണ് നിലം കൃഷിക്കൊരുക്കിയതും തെളിവുകൾ ശേഖരിക്കുന്നതിനുള്ള തടസമാക്കിയതും. പാഴ് മരങ്ങളുടെ മറവിൽ സംരക്ഷിത പട്ടികയിൽപ്പെട്ട ഇരൂൾ, കരിമരുത്, ചടച്ചിൽ ഉൾപ്പെടെ 17 മരങ്ങളാണ് മുറിച്ചത് എന്നാണ് ആറളം ഫാം മാനേജ്‌മെന്‍റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

വനം വകുപ്പ് നടത്തിയ പരിശോധനയിൽ 50ലധികം കൂറ്റൻ സംരക്ഷിത മരങ്ങൾ മുറിച്ചതിന്‍റെ കുറ്റി കണ്ടെത്തിയിരുന്നു. മരംകൊള്ള പുറത്ത് വന്നതോടെ ഫാമിൽ നിന്ന് കടത്തിക്കൊണ്ടു പോകാൻ കഴിയാത്ത മരങ്ങളാണ് ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചതെന്ന് ഇവർ സംശയിക്കുന്നു. പാഴ് മരങ്ങൾക്കിടയിലൂടെ പലതവണ ആഞ്ഞിലിത്തടികൾ കടത്തിക്കൊണ്ടുപോയതായി തൊഴിലാളികളും പുനരധിവാസ മേഖലയിൽ ഉള്ളവരും ആരോപിക്കുന്നു. ഇതിനിടയിൽ ആണ് ഫാമിനുള്ളിൽ തന്നെ കൂറ്റൻ മരത്തടികളുടെ ശേഖരം കണ്ടെത്തിയിരിക്കുന്നത്. മുറിക്കാൻ നിശ്ചയിച്ച ആഞ്ഞിലി മരത്തിന്‍റെ എത്രയോ ഇരട്ടി പുറത്തേക്ക് കടത്തിയതായി ആരോപണമുണ്ട്.

വൻ വിലയുള്ള മരങ്ങളെ തള്ളിയിട്ടത് പാഴ്‌മരങ്ങളുടെ പട്ടികയിലേക്ക് :മുറിക്കേണ്ട ആഞ്ഞിലി മരങ്ങളുടെ വില സാമൂഹിക വനവത്‌കരണ വിഭാഗം നിശ്ചയിച്ച ശേഷം മരങ്ങൾ അടയാളപ്പെടുത്തണം എന്നാണ് കണക്ക്. ആ മരങ്ങൾ തന്നെയാണോ മുറിച്ചത് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അതൊന്നും ചെയ്യാതെ പാഴ്‌ മരങ്ങളുടെ കൂട്ടത്തിൽ പെടുത്തിയാണ് കൂറ്റൻ ആഞ്ഞിലി മരങ്ങൾ മുറിച്ചു നീക്കിയത് എന്ന് ജനപ്രതിനിധി പറയുന്നു.

ഒളിപ്പിച്ച നിലയിൽ ഇപ്പോൾ കണ്ടെത്തിയ തടികൾ 2000-3000 രൂപക്ക് അടിക്ക് മുകളിൽ വരും. വിപണിയിൽ ഒരു ആഞ്ഞിലി മരത്തിന് 800 മുതൽ 1200 വരെ രൂപ വിലയുള്ളപ്പോഴാണ് സർക്കാർ ഭൂമിയിലെ ആഞ്ഞിലിയും പാഴ് മരങ്ങളുടെ ഗണത്തിൽ പെടുത്തിയത്. ലക്ഷങ്ങളുടെ തട്ടിപ്പിന് പിന്നിൽ ആരെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഫാമിലെ ആദിവാസി ജനത.

Also Read: ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് തട്ടിപ്പ്; നിങ്ങളും സൂക്ഷിക്കുക, മുന്നറിയിപ്പുമായി കേരള പൊലീസ്

ABOUT THE AUTHOR

...view details