എറണാകുളം:ഒമ്പതാം ക്ലാസ് വിദ്യാർഥി അനുഗ്രഹയ്ക്ക് കൃഷി കുട്ടിക്കളിയല്ല. ഒന്നരയേക്കറിൽ കൃഷിയിറക്കി വിജയഗാഥ തീർത്താണ് അനുഗ്രഹ നാട്ടിലെ താരമായത്. തണ്ണിമത്തൻ, വിവിധയിനം പയർ, കൂർക്ക, ചീര, വാഴ, ചേന, ചെറുകിഴങ്ങ് തുടങ്ങിയവ ജൈവ കൃഷി ചെയ്ത് നൂറുമേനി വിളയിക്കാൻ കഴിഞ്ഞതോടെയാണ് കുട്ടിക്കർഷകയെ തേടി അംഗീകാരങ്ങളെത്തിയത്.
കഴിഞ്ഞ ചിങ്ങം ഒന്നിന് കോതമംഗലം മുനിസിപ്പാലിറ്റി വിദ്യാർഥി കർഷകയായി അനുഗ്രഹയെ ആദരിച്ചിരുന്നു. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അനുഗ്രഹ തന്റെ ഒഴിവ് ദിവസങ്ങളും സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ലഭിക്കുന്ന സമയവുമാണ് പാടത്ത് വിനിയോഗിക്കുന്നത്.
ഒഴിവ് സമയങ്ങളിലെല്ലാം കൃഷി നനച്ചും വളമിട്ടും പുല്ലുപറിച്ചുമെല്ലാം കൃഷിയിടത്തിൽ തന്നെയാണ് അനുഗ്രഹ സമയം വിനിയോഗിക്കുന്നത്. വിഷ രഹിത പച്ചക്കറികൾ എല്ലാവരും ശീലിക്കണമെന്നും എല്ലാ കുട്ടികളും കൃഷി ചെയ്യാൻ രംഗത്ത് വരണമെന്നുമാണ് അനുഗ്രഹ പറയുന്നത്. കൃഷിയെ കുറിച്ച് വാചകമടിക്കുന്നവർക്കിടയിൽ പ്രവർത്തനത്തിലൂടെയാണ് അനുഗ്രഹ വ്യത്യസ്ഥയാകുന്നത്. പേന പിടിക്കുന്ന കയ്യിൽ കൃഷിയും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു മിടുക്കി.
കൃഷിയിൽ വലിയ നേട്ടമുണ്ടാക്കിയ അനുഗ്രഹ നാടിന് അഭിമാനവും മാതൃകയുമാണെന്ന് അധ്യാപിക ടിഷു ജോസഫ് അഭിപ്രായപ്പെട്ടു. കുട്ടി കർഷകയായാണ് അനുഗ്രഹ അറിയപ്പെടുന്നതെങ്കിലും മുതിർന്ന കർഷകർ ചെയ്യുന്നതെല്ലാം അവൾ ചെയ്യുന്നുണ്ട്. ഭാവിയിൽ ഒരു കൃഷി വിദഗ്ധയായി അവൾ മാറട്ടെയെന്നും അവർ ആശംസിച്ചു.