കേരളം

kerala

പേരാമ്പ്രയിലെ അനുവിന്‍റെ മരണം : കൊലപാതകമെന്ന് പൊലീസ്, ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

By ETV Bharat Kerala Team

Published : Mar 16, 2024, 8:29 PM IST

പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം. തോടിന് അടുത്ത് കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം. അനുവിനെ കാണാതായത് മാര്‍ച്ച് 11ന് രാവിലെ.

Woman Found Died In A River  Anu Death Case  Perambra Murder Case  Kozhikode Anu Death
Woman Found Died In Perambra Was A Murder Police Said

കോഴിക്കോട് :പേരാമ്പ്ര നൊച്ചാട് യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ്. സ്ഥലത്ത് കാണപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മൃതദേഹത്തില്‍ നിന്ന് സ്വര്‍ണാഭരണം നഷ്‌ടപ്പെട്ടുവെന്ന് വീട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടതോടെ മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണം.

കമ്മല്‍ മാത്രമാണ് ശരീരത്തില്‍ നിന്ന് ലഭിച്ചത്. സ്വര്‍ണമാല, രണ്ട് മോതിരം, കൈ ചെയിന്‍, പാദസരം എന്നിവയെല്ലാം നഷ്‌ടപ്പെട്ടതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 11ന് രാവിലെ എട്ടരയോടെയാണ് നൊച്ചാട് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ കാണാതായത്. ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തോട്ടിന്‍ കരയിലൂടെ ഒരു മണിക്കൂര്‍ നടന്നുവേണം റോഡിലെത്താന്‍. ഇതിനിടെയാണ് അനുവിനെ കാണാതായത്.

ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് അടുത്ത ദിവസം മുട്ടറ്റം വെള്ളമുള്ള തോട്ടില്‍ അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോടിന് അരികെയുള്ള വള്ളിപ്പടര്‍പ്പില്‍ കാല്‍ കുരുങ്ങി വീണതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇതിന് പിന്നാലെയാണ് അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമെന്ന സംശയം ഉയര്‍ന്നത്.

ABOUT THE AUTHOR

...view details