ക്ഷണിച്ചില്ലെങ്കിലും ഇലക്‌ട്രിക് ഡബിള്‍ഡെക്കര്‍ ബസ് ഫ്ലാഗ് ഓഫിനെത്തി ആന്‍റണി രാജു തിരുവനന്തപുരം:മുൻ ഗതാഗത മന്ത്രി ആന്‍റണി രാജുവും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മിൽ ശീതസമരം തുടരുന്നതിനിടെ കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുന്‍ മന്ത്രിയെ മാറ്റി നിർത്തിയത് വിവാദമായി.
ഉദ്ഘാടന ചടങ്ങ് ആദ്യം നിശ്ചയിച്ചിരുന്നത് ആന്‍റണി രാജുവിന്‍റെ മണ്ഡലത്തിലെ പുത്തരിക്കണ്ടം മൈതാനത്ത് ആയിരുന്നെങ്കിലും പിന്നീടത് വി കെ പ്രശാന്തിന്‍റെ വട്ടിയൂർക്കാവ് മണ്ഡലത്തിൽപ്പെടുന്ന വികാസ്ഭവൻ ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കാനെത്തിയ ആന്‍റണി രാജു തന്‍റെ കൂടി കുഞ്ഞാണിതെന്നും ആര് വളർത്തിയാലും കുഴപ്പമില്ലെന്നും പറഞ്ഞു. ചടങ്ങിലേക്ക് എത്തിയെങ്കിലും ഉദ്ഘാടനത്തിന് മുൻപ് തന്നെ മടങ്ങുകയും ചെയ്‌തു.
താൻ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസ് വാങ്ങി തുടങ്ങിയത്. ഡബിൾ ഡക്കർ ഒരു മാസമായി വെറുതെ കിടക്കുകയാണ്. ഉദ്ഘാടനത്തിനെ പറ്റി അറിഞ്ഞില്ല. സാധാരണ പുത്തരികണ്ടത്ത് വച്ചൊക്കെയാണ് ഉദ്ഘാടനം നടത്തുന്നത്. ഇത് വേറെ മണ്ഡലമാണ്. പരിപാടിയിൽ ക്ഷണിച്ചാലും ഇല്ലെങ്കിലും എന്‍റെ കുഞ്ഞല്ലേയെന്നും ആന്‍റണി രാജു ചോദിച്ചു.
ഗണേഷ് കുമാറിന് വൈരാഗ്യം ഉള്ളതായി തോന്നുന്നില്ല. ഇലക്ട്രിക് ബസ് ആയതുകൊണ്ട് ഉദ്ഘാടനം ചെയ്യാതിരിക്കുന്നില്ലല്ലോ. ആദ്യം തന്‍റെ മണ്ഡലം പെടുന്ന പുത്തരിക്കണ്ടത്ത് വച്ചു ഉദ്ഘാടനം എന്നായിരുന്നു പറഞ്ഞത്. പിന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ല. ബസ് നിരത്തിലിറങ്ങുമ്പോൾ ഒരു അച്ഛൻ്റെ സന്തോഷം തോന്നുന്നു. എൻ്റെ കുഞ്ഞാണല്ലോ ഇലക്ട്രിക് ബസ്. കാണാൻ വന്നതാണെന്നും ആന്റണി രാജു പറഞ്ഞു.
Also Read: 'ഇനി ഡബിളാ ഡബിള്‍...'; നഗരം ചുറ്റാന്‍ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് 'റെഡി'