മൂവാറ്റുപുഴയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് (Source: ETV Bharat Reporter) എറണാകുളം: മൂവാറ്റുപുഴ നഗരസഭയില്‍ തെരുവുനായകള്‍ക്ക് വാക്‌സിനേഷൻ നൽകുന്ന പ്രവർത്തനം തുടങ്ങി. 9 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി. 3 ദിവസത്തിനുള്ളിൽ 4 വാർഡുകളിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി വാക്‌സിൻ നൽകുകയാണ് നഗരസഭയുടെ ലക്ഷ്യം.
വാക്‌സിന്‍ നല്‍കിയ നായകളെ രണ്ടാഴ്‌ച പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷമായിരിക്കും തുറന്ന് വിടുക. അതേസമയം നഗരസഭ പരിധിയിലെ മറ്റ് വാർഡുകളിലെ തെരുവുനായകളെ പിടികൂടിയ സ്ഥലത്ത് വച്ച് തന്നെ വാക്‌സിൻ നൽകി വിട്ടയച്ചു. ഇവയെ തിരിച്ചറിയാന്‍ ശരീരത്തിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. നാല് പേരടങ്ങുന്ന സംഘമാണ് തെരുവുനായ്ക്കളെ പിടികൂടി വാക്‌സിന്‍ നല്‍കുന്നത്.
വ്യാഴാഴ്‌ചയാണ് (മെയ് 9) മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നായ കുട്ടികളടക്കം 9 പേരെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ കൂട്ടിലടച്ച നായ ചത്തു. തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
കടിയേറ്റ മുഴുവന്‍ പേര്‍ക്കും പേവിഷ ബാധ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ അടക്കം നല്‍കിയിരുന്നു. നിലവില്‍ എല്ലാവരുടെയും ആരോഗ്യ നില തൃപ്‌തികരമാണ്. മണിക്കൂറുകളോളം സമയം ഓടി നടന്ന നായ തെരുവു നായകളെ കടിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈയൊരു സാഹചര്യത്തിലാണ് തെരുവുനായകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്.
ചൊവ്വ, ബുധൻ (മെയ് 14,15) ദിവസങ്ങളിലായി തെരുവു നായകളുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വാക്‌സിനേഷൻ നടപടികള്‍ പുരോഗമിക്കുകയാണെന്നും മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പിപി എല്‍ദോസ് അറിയിച്ചു. വളർത്തുനായകൾക്കും വാക്‌സിനേഷൻ നൽകും. ഇവ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. വാക്‌സിന്‍ നല്‍കുന്ന നായകളെ രണ്ടാഴ്‌ച നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.