മലപ്പുറം: എല്ലാ മേഖലകളിലെ സർക്കാർ സംവിധാനങ്ങൾക്കും സഹായമായി പ്രവർത്തിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് ഹോണറേറിയമായി പ്രതിമാസം ലഭിക്കുന്നത് 13,000 രൂപ മാത്രം. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ ജീവനക്കാരാണ് അവഗണനയിൽ കഴിയുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മാർഗമില്ലാതെ കഷ്‌ടപ്പെടുകയാണ് ഇവർ.
40 വർഷമായി ജോലി ചെയ്യുന്നവർക്ക് പോലും ഇപ്പോഴും ലഭിക്കുന്നത് ഹോണറേറിയം മാത്രമാണ്. തങ്ങളെ സർക്കാർ അംഗീകരിച്ച് മാസ ശമ്പളം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവർ. മാസം 25,000 രൂപയും അതിന് ആനുപാതികമായ പെൻഷൻ വേണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
വർഷങ്ങളോളം ജോലി ചെയ്‌ത് പെൻഷൻ വാങ്ങുന്നവർക്ക് ഇപ്പോൾ പെൻഷനായി ലഭിക്കുന്നത് 2,500 രൂപ മാത്രമാണ്. കൂടാതെ പ്രതിമാസം 500 രൂപ ക്ഷേമനിധി ഫണ്ടിലേക്കും ഈടാക്കിയിരുന്നു. ആഴ്‌ചയിൽ 6 ദിവസം ജോലി ചെയ്യുന്ന ഇവർക്ക് തുച്‌ഛമായ ഹോണറേറിയം മാത്രം ലഭിക്കുമ്പോൾ സർക്കാർ അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ട അവസ്ഥയാണിവർക്കുള്ളത്.
ഏറ്റവും കൂടുതൽ ദിവസം ജോലി ചെയ്യുന്നവരും ഇവർ തന്നെയാണ്. വർഷങ്ങളായി അങ്കണവാടി ജീവനക്കാരായി ജോലി ചെയ്യുന്ന ഇവർ നേരിടുന്ന അവഗണന ഒട്ടും ചെറുതല്ല. സർക്കാരിന്‍റെ എല്ലാ പൊതുജന സർവേകൾക്കും ചുക്കാൻ പിടിക്കേണ്ടതും ഇവരാണ്. കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോൾ ഹോണറേറിയം പ്രതിമാസം 17,000 രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ലഭിക്കുന്നത് 13,000 രൂപ മാത്രമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക