ഇടുക്കി :സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകർന്ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ചേലച്ചുവട്ടിലെ രണ്ടാം നമ്പർ അംഗനവാടി അപകടാവസ്ഥയിൽ ആയിട്ട് നാളുകളായി. 2018-ലെ കാലവർഷക്കെടുതിയിൽ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നതാണ് അംഗനവാടി കെട്ടിടത്തിന് ഭീഷണിയായത്.
ഏഴു കുട്ടികളും മുപ്പതിൽപരം ഗുണഭോക്താക്കളും ഈ അംഗനവാടിയുടെ കീഴിലുണ്ട്. സംരക്ഷണഭിത്തിയുടെ ബലക്ഷയം അംഗനവാടിയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. അപകടാവസ്ഥയിൽ ആയിരിക്കുന്ന അംഗനവാടി എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.
2022 - 23 വർഷത്തെ അംഗനവാടി മെയിന്‍റനൻസിൽ ഉൾപ്പെടുത്തി ചേലച്ചുവട് അംഗനവാടിക്ക് 16 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു. പിന്നീട് വാർഡ് മെമ്പറെ അറിയിക്കാതെ അസിസ്‌റ്റന്‍റ് എഞ്ചിനീയറെ കൊണ്ടുവന്ന് എസ്‌റ്റിമേറ്റ് എടുപ്പിച്ച് തുക 4.50 ലക്ഷമായി വെട്ടിച്ചുരുക്കി. ഇതുമൂലം കോൺടാക്‌ടർമാർ ആരും വർക്ക് എടുത്തില്ല. വർക്ക് സ്‌പിൽ ഓവർ ആവുകയും ചെയ്‌തു.