തിരുവനന്തപുരം:അഞ്ചലില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകർക്ക് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. ഏരൂർ സ്വദേശി രാമഭദ്രനെയാണ് (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ച് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 56 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
മറ്റ് പ്രതികൾക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ എസ് രാജീവിൻ്റേതാണ് ഉത്തരവ്. കോൺഗ്രസ് പ്രവർത്തകനായ രാമഭദ്രൻ സിപിഎം പ്രവർത്തകരെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിലുണ്ടായ പ്രകോപനത്തെ തുടർന്നാണ് കൊലപാതകം.