കോഴിക്കോട് : പന്തീരാങ്കാവിൽ പൊലീസിനെ തടഞ്ഞ് നാട്ടുകാർ പ്രതിയെ മോചിപ്പിച്ച കേസിൽ തന്നെ കൊടുംകുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ഒളിവിലുള്ള ഷിഹാബ്. സുഹൃത്തുക്കൾക്ക് ഷിഹാബ് അയച്ച വീഡിയോ സന്ദേശത്തിലാണ് പൊലീസ് തന്നെ കളളക്കേസിൽ കുടുക്കിയതായി ആരോപണമുന്നയിച്ചത്. പൊലീസിനെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസ് എടുത്തതോടെ ആശങ്ക പരിഹരിക്കാൻ ഒളവണ്ണ പഞ്ചായത്തിൽ സർവകക്ഷി യോഗം ചേര്‍ന്നു.
വാഹന മോഷണകേസ് പ്രതിയ്ക്കായി പൊലീസ് ഒളവണ്ണ പഞ്ചായത്തിലും സമീപത്തും തെരച്ചിൽ തുടങ്ങിയതിന് പിന്നാലെയാണ് നിരപരാധി ആണെന്ന് അവകാശപ്പെട്ടുള്ള ഷിഹാബിന്‍റെ വീഡിയോ പുറത്തുവന്നത്. വാഹനം മോഷ്‌ടിച്ചിട്ടില്ലെന്നും കാറ് വാങ്ങിയതുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കാനാണ് പൊലീസ് ശ്രമമെന്നും വീഡിയോയിൽ ഷിഹാബ് പറയുന്നു.
വ്യാഴാഴ്‌ച രാത്രി പുളങ്കരയിലെ വീട്ടിൽ നിന്ന് ഷിഹാബിനെ പിടികൂടുന്നത് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിന് വഴിവച്ചിരുന്നു. പണയ വാഹനം മോഷ്‌ടിച്ചെന്ന പരാതിയിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്‌ത കേസിൽ ഞാറയ്ക്കൽ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. സ്വകാര്യ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ പൊലീസ് സംഘത്തെ ക്വട്ടേഷൻ സംഘമെന്ന് കരുതിയാണ് തടഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.