തിരുവനന്തപുരം:കേരളം നടുങ്ങിയ വെഞ്ഞാറമൂട് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു 6 പേരെ വെട്ടിക്കൊന്നെന്ന് വെളിപ്പെടുത്തി പേരുമല സ്വദേശി അഫാൻ (23) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. "സാര്‍ ഞാൻ 6 പേരെ കൊന്നു" എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍, പൊലീസിന് പൊടുന്നനെ ഇക്കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പൊലീസ് ജീപ്പുകള്‍ ഓരോന്നായി പ്രതി പറഞ്ഞ ഇടങ്ങളിലേക്ക് ചീറിപ്പാഞ്ഞു. ഇതിനിടെയാണ് ഓരോയിടങ്ങളില്‍ നിന്നായി അഞ്ച് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്‌സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവര്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്‌തു.
അഫാന്‍റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ പൊലീസ് സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് കേരളം നടുങ്ങിയ വാര്‍ത്ത പുറത്തുവന്നത്. സംഭവം വിശ്വസിക്കാനാകാതെ നാട്ടുകാര്‍ നെട്ടോട്ടമോടുകയും വെഞ്ഞാറമൂട്, പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധികളിൽ എത്തി വിവരം അന്വേഷിക്കുകയും ചെയ്‌തു. എല്ലാവരെയും ഒരേ ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂട്ടക്കൊലയില്‍ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും യഥാര്‍ഥ കാരണം ഇപ്പോഴും പൊലീസിന് കണ്ടെത്താനായില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതക കാരണമെന്ന് പ്രതി അഫാൻ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഓരോ കൊലപാതകത്തിന് ശേഷവും അഫാൻ സ്വർണം കവർന്നെടുത്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിതാവിന്‍റെ മാതാവ് സൽമാ ബീവി, പിതൃ സഹോദരൻ ലത്തീഫ്, സജിത ബീവി എന്നിവരുടെ പക്കൽ നിന്നും അഫാൻ കൊലപാതകത്തിന് ശേഷം സ്വർണം കവർന്നെടുത്തെന്നാണ് നെടുമങ്ങാട് ഡി.വൈ.എസ്.പി അരുൺ കെ. എസ് വ്യക്തമാക്കിയത്.
കൂട്ടക്കൊലയ്‌ക്ക് പിന്നിലെ കാരണം എന്ത്? ആരാണ് അഫാൻ?
അതേസമയം, പെണ്‍സുഹൃത്തുമായുള്ള വിവാഹം കുടുംബം സമ്മതിക്കാത്തതാണ് ക്രൂര കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് അനുമാനം ഉണ്ടായിരുന്നുവെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പേരുമല ആർച്ച് ജംഗ്ഷനിലുള്ള പ്രതി അഫാൻ പെണ്‍സുഹൃത്ത് ഫർസാനയുമായി സ്‌കൂള്‍ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു.
From Left Top Farsana, Shahida, Afsan with Afan, Latheef, Salma Beevi (Etv Bharat) കൊല്ലം അഞ്ചലിൽ എം.എസ്.സി കെമിസ്ട്രി അവസാന വർഷ വിദ്യാർഥിയായിരുന്ന ഫർസാനയും അഫാനും സ്‌കൂള്‍ പഠന കാലത്താണ് പരിചയപ്പെടുന്നത്. അടുത്തിടെയാണ് വിവാഹ കാര്യം അഫാന്‍റെ വീട്ടിൽ അറിയുന്നത്. അഫാൻ നടത്തിയ അരും കൊലപാതകങ്ങളെ ഇതു സ്വാധീനിച്ചോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
രണ്ടു വർഷത്തെ ഡിഗ്രി പഠനത്തിന് ശേഷം പഠനം ഉപേക്ഷിച്ച അഫാൻ 6 മാസങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ദമാമിൽ പിതാവിന്‍റെ അടുത്ത് പോയത്. വിസിറ്റിങ് വിസയുടെ കാലാവധിക്ക് ശേഷം തിരികെ നാട്ടിലെത്തുകയും ചെയ്‌തു. ഇതിനിടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് അഫാൻ നൽകിയ മൊഴി. എന്നാല്‍ മകന് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നല്ല അടുപ്പത്തിലായിരുന്ന അഫാന്‍റെ പെട്ടെന്നുള്ള സ്വഭാവം മാറ്റം കണ്ടു അന്ധാളിച്ചു നിൽക്കുകയാണ് നാട്ടുകാര്‍. അഫാന് മാനസിക പ്രശ്‌നമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന്‍റെ സാധ്യതയും പൊലീസ് പരിഗണിക്കുകയാണ്. മൊഴിയെടുപ്പ് പൂർണമായാൽ മാത്രമേ കൊലപാതകത്തിന്‍റെ കാര്യ കാരണം സഹിതമുള്ള പൂർണ ചിത്രം വ്യക്തമാകുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇനി മാതാവിന്‍റെ മൊഴി നിര്‍ണായകം
അഫാന്‍റെ മാതാവായ ഷമി ഇപ്പോള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവര്‍ കണ്ണ് തുറന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഷമിയുടെ മൊഴി എടുക്കാനാണ് പൊലീസിന്‍റെ പദ്ധതി.
ഇവരുടെ മൊഴി കേസില്‍ വഴിത്തിരിവായേക്കും. കൊലപാതക പരമ്പരയുടെ കാരണം അഫാന്‍റെ മാതാവിന് അറിയാമായിരിക്കും എന്നാണ് പൊലീസ് അനുമാനം. സംഭവത്തിന്‍റെ യഥാര്‍ഥ കാരണം ഇപ്പോഴും കണ്ടെത്താൻ കഴിയാത്ത പൊലീസിന് ഷമിയുടെ മൊഴി അതിനിര്‍ണായകമാണ്.
Also Read:അഫാന്‍റെ മാതാവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; ഒരു മാസമായി സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതിയുടെ മൊഴി