തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുഹൈൽ ഷാജഹാനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. ആക്രമണത്തിന് ആരുടെയെങ്കിലും നിർദേശം ഉണ്ടായിരുന്നോ, സാമ്പത്തിക സഹായം ലഭിച്ചോ, വേറെയാരെങ്കിലും ഇതിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുക വഴി സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് ശ്രമിച്ച കേസിലെ പ്രധാനിയാണ് സുഹൈൽ എന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.