കേരളം

kerala

By ETV Bharat Kerala Team

Published : Mar 23, 2024, 6:36 PM IST

Updated : Mar 23, 2024, 7:21 PM IST

ETV Bharat / state

'വോട്ടില്ലെങ്കില്‍ സിപിഎം ദേശീയ പാര്‍ട്ടിയല്ലാതാകും, ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടിവരും' ; മുന്നറിയിപ്പുമായി എകെ ബാലന്‍ - AK Balan Warns Left Parties

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് നഷ്‌ടം സംഭവിക്കുമെന്ന് എകെ ബാലന്‍. ചിഹ്നം നഷ്‌ടമാകുന്ന സാഹചര്യമുണ്ടാകും. കൃത്രിമ വോട്ടുണ്ടാക്കുന്നതില്‍ മോദിയെ തോല്‍പ്പിക്കാനാകില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കും രൂക്ഷ വിമര്‍ശനം.

CPM LEADER AK BALAN  CPM LOSING NATIONAL PARTY STATUS  AK BALAN  NATIONAL PARTY STATUS OF CPM
CPM Leader AK Balan Warns Of Losing National Party Status

എ.കെ ബാലൻ സംസാരിക്കുന്നു

കോഴിക്കോട് : രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഎമ്മിന്‍റെ ദേശീയ പദവി നഷ്‌ടമാകുമോയെന്ന ആശങ്ക പരസ്യമാക്കി കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. പദവിയും പിന്നാലെ ചിഹ്നവും പോയാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കുന്നത് ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളായിരിക്കും. ഈ ചിഹ്നങ്ങളിൽ മത്സരിക്കേണ്ട ഗതികേടിൽ എത്താതിരിക്കാൻ ദേശീയ പദവി കാത്തുസൂക്ഷിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇ ഓഫീസേഴ്‌സ്‌ യൂണിയൻ ശിൽപശാലയിലായിരുന്നു ബാലന്‍റെ പരാമര്‍ശം.

നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്‌ടമാകും. അപ്പോൾ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം. സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ട്.

ദേശീയ പാർട്ടി പദവി നഷ്‌ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക ?. സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക. രാജ്യത്ത് കൃത്രിമ വോട്ടുണ്ടാക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വോട്ടെണ്ണിയാൽ ഉദ്ദേശിച്ച ആളല്ല ജയിക്കുക.

നരേന്ദ്ര മോദിയോട് അക്കാര്യത്തിൽ വിജയിക്കാൻ ലോകത്ത് ഒരാൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലന്‍ കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയാണ്. ചതിയന്മാരുടെ പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിയുടെ മയ്യിത്തായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും എകെ ബാലൻ കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 23, 2024, 7:21 PM IST

ABOUT THE AUTHOR

...view details