തിരുവനന്തപുരം : എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്‍റിനെതിരെ കേന്ദ്ര വ്യോമയാന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ്. ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടർന്ന് സർവീസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർ ബുദ്ധിമുട്ടിലായ സംഭവത്തിലാണ് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
മാത്രമല്ല എയർ ഇന്ത്യ സമരം മൂലം മസ്‌കറ്റിൽ മരണമടഞ്ഞ നമ്പി രാജേഷിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും പ്രസിഡന്‍റ് കെവി മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എയർ ഇന്ത്യ സമരം നടന്നത്. ഇത്തരം സംഭവങ്ങൾ മറ്റ് വിമാന കമ്പനികളിലും ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
സമരം മൂലമോ സാങ്കേതിക തകരാറുകൾ മൂലമോ വിമാന സർവീസുകൾ അടിയന്തിരമായി റദ്ദാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന വകുപ്പ് യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളെക്കുറിച്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എയർഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്‍റ് ഈ സൗകര്യങ്ങൾ ഒന്നും യാത്രക്കാർക്ക് നൽകിയിട്ടില്ല. അടിയന്തിരമായി സർവീസുകൾ റദ്ദാക്കിയാൽ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കുകയോ യാത്രക്കാർക്ക് വീട്ടിൽ പോയി തിരിച്ചുവരുന്നതിനുള്ള യാത്ര ചാർജ് നൽകുകയോ ആണ് പതിവ്. ഇത് യാത്രക്കാരുടെ ആവശ്യമാണ്.